ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേൽ; ഇറാനെതിരെ മിസൈൽ ആക്രമണം, വ്യോമ ഗതാഗതം നിർത്തിവെച്ചു

ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍  പ്രത്യാക്രമണം നടത്തുകയാണ് ഇസ്രയേൽ.

ഇതോടെ ഇറാനും ഇസ്രയേലിനും ഇടയിൽ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ശക്തി പ്രാപിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയൻ കോൺസുലേറ്റ് അനെക്സിന് നേരെ വ്യോമാക്രമണം നടന്നതോടെയാണ് ഇപ്പോഴത്തെ ഇറാൻ- ഇസ്രായേൽ പ്രതിസന്ധിക്ക് തുടക്കമായത്. പലസ്തീനീയൻ ഇസ്ലാമിക് ജിഹാദും, ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിന്റെ ഉന്നതരും തമ്മിൽ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യമാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്‍റെ ആരോപണം. മിന്നലാക്രമണത്തിൽ ഐആർജിസിയുടെ ഖുദ്സ് കമാണ്ടർ മുഹമ്മദ് റെസ സഹെദിയും, സീനിയർ കമാണ്ടർ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ ഇറാൻ തിരിച്ചടിക്കുമെന്ന് പറഞ്ഞു. തുടർന്ന് ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിസിച്ചിരുന്നു.