ഇസ്രായേലി ശതകോടീശ്വരനുമായി ബന്ധമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും

ഇസ്രയേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഹോർമുസ് കടലിടുക്കിന് സമീപത്തുനിന്നാണ് കപ്പൽ പിടിച്ചെടുത്തത്. പോർച്ചുഗീസ് പതാകയുള്ള എംഎസ്‌സി ഏരീസ് എന്ന് പേരുള്ള കണ്ടെയ്‌നർ കപ്പലാണ് ഇറാന്റെ പിടിയിലായത്. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട ഒരു കണ്ടെയ്‌നർ കപ്പലാണ് എംഎസ്‌സി ഏരീസ്.

ഇന്ന് രാവിലെയാണ് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഹെലിബോൺ ഓപ്പറേഷനിലൂടെയാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇസ്രായേൽ-ഇറാൻ ബന്ധം വീണ്ടും രൂക്ഷമാവുകയായിരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.