കടലില്‍ തിരിച്ചടി, അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചുവെന്നും വാര്‍ത്ത; പ്രതികരിക്കാതെ യുഎസ് സര്‍ക്കാര്‍

യുഎസിന്റെ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ചതിനു പിന്നാലെയാണ് പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടത്. ഇറാന്റെ സായുധസേനയായ ഐആര്‍ജിസി വടക്കന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്ന് അവകാശപ്പെട്ടു.

യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് ഐആര്‍ജിസി വെളിപ്പെടുത്തിയതിന് പിന്നാലെ മിസൈല്‍ ആക്രമണത്തിന് ഇരയായി കപ്പലില്‍ തീപിടിച്ചെന്ന് ഇറാന്റെ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ഇതുവരേയും യുഎസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്.

യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഐആര്‍ജിസി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും ആക്രമിക്കുമെന്നും ഐആര്‍ജിസി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന് പൂര്‍ണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആര്‍ജിസി തസ്നിം ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ പുറംകടലില്‍ ഇറാന്റെ യുദ്ധക്കപ്പല്‍ യുഎസ് അന്തര്‍വാഹിനി ഉപയോഗിച്ച് മുക്കിയത്. ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ദേന’ എന്ന യുദ്ധക്കപ്പലിന് നേരേയാണ് യുഎസിന്റെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 87 നാവികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ യുദ്ധക്കപ്പല്‍ മുക്കിയതിന് അമേരിക്ക അത്യധികം ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് എണ്ണകപ്പല്‍ ആക്രമിച്ചെന്ന അവകാശവാദം.