കപ്പലിടിച്ചു, രണ്ടരക്കിലോമീറ്റര്‍ നീളമുള്ള കൂറ്റൻ നാലുവരി പാലം തകർന്നുവീണു; സംഭവം അമേരിക്കയിലെ ബാള്‍ട്ടി മോറില്‍

ചരക്കുകപ്പൽ പാലത്തിലിടിച്ച് അമേരിക്കയില്‍ കൂറ്റന്‍ പാലം തകര്‍ന്നുവീണു. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിച്ചു.

പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. സിങ്കപ്പുർ പതാകയുള്ള കണ്ടെയ്‌നർ കപ്പലാണ് പാലത്തിൽ ഇടിച്ചത്. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നു. അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു.

ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 1.6 മൈൽ നീളമുള്ള പാലത്തിൻ്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകർന്നത്. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.