വിദേശ ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ നിന്നും പിന്മാറുന്നു, കുടിശ്ശികകള്‍ കാലാവധിക്ക് മുമ്പെ അടച്ച് പിടിച്ചു നില്‍ക്കാന്‍ അദാനി ഗ്രൂപ്പ്. 4890 കോടി ഈ മാസം അടയ്ക്കും

വിദേശ ബാങ്കുകളില്‍ നിന്നും എടുത്ത ഹ്രസ്വകാല വായ്പാ കുടിശിഖകള്‍ കാലാവധി എത്തും മുമ്പെ തിരിച്ചടക്കാന്‍ അദാനി ഗ്രൂപ്പിന്റെ നീക്കം. 500 മില്യണ്‍ യു എസ് ഡോളറിന്റെ ( 4890 കോടി ഇന്ത്യന്‍ രൂപാ) വായ്പാ കുടിശിഖയാണ് അദാനി ഗ്രൂപ്പ് ഉടന്‍ തന്നെ തിരിച്ചടക്കാന്‍ ഒരുങ്ങുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വലിയ തോതില്‍ ഇടിഞ്ഞിരുന്നു.ഇതേതുടര്‍ന്ന് ഗ്രൂപ്പിന്റെ സാമ്പത്തിക പുനസംഘടനക്കായുള്ള വായ്പകള്‍ നല്‍കുന്നതില്‍ നിന്നും വിദേശ ബാങ്കുകള്‍ പിന്‍വാങ്ങിയിരുന്നു. ഇതോടെ വായ്പാ തിരിച്ചടവില്‍ തങ്ങള്‍ക്കുള്ള ശേഷിയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കാലവധി എത്തും മുമ്പെ വായ്പാ കുടിശിഖ തിരിച്ചടക്കാന്‍ അദാനി ഗ്രൂപ്പിനെ നിര്‍ബന്ധിതമാക്കിയത്.

ബ്രിട്ടീഷ് യൂണിവേഴ്‌സല്‍ ബാങ്കായ ബാര്‍ക്‌ളേയ്‌സ് പി എല്‍ സി, സ്റ്റാന്‍ഡേര്ഡ് ചാട്ടേര്‍ഡ് ബാങ്ക് പി എല്‍ സി,
ഡച്ച് ബാങ്ക് എജി എന്നിവ കഴിഞ്ഞ വര്‍ഷം സ്വിസ്- ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ ഹോള്‍സിം ലിമിറ്റഡിന്റെ ആസ്തികള്‍ വാങ്ങുന്നതിന് അദാനിക്ക് 4.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുന്നതിന് തൊട്ടു മുമ്പ് വരെ നിലവിലെ വായ്പകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ഈ ബാങ്കുകള്‍ ഒരുക്കുമായിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ വീണ്ടും വായ്പകള്‍ നല്‍കുന്നതില്‍ ഈ ബാങ്കുകള്‍ പിന്‍മാറുകയാണുണ്ടായത്്.

അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ ഇപ്പോള്‍ വളരെ കരുതലോടെയാണ് അദാനി ഗ്രൂപ്പിനെ സമീപിക്കുന്നത്.ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് അദാനിയുമായിയുള്ള പങ്കാളിത്തത്തോടെ തുടങ്ങാന്‍ തിരുമാനിച്ച ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദന സംരംഭം തല്‍ക്കാലം ഇപ്പോള്‍ വേണ്ടാ എന്ന് വച്ചിരിക്കുകയാണ്.