സ്തനാര്‍ബുദത്തിന് ചികിത്സ തേടി; മരുന്നിന് പകരം കക്ഷത്തിനടിയിൽ സിമന്‍റും നാരങ്ങാനീരും പുരട്ടാൻ നിർദേശിച്ച് 'ഡോക്ടർ'; 22 ലക്ഷം പ്രതിഫലമായി കൈപ്പറ്റി

ഏത് രോഗത്തിനായാലും വ്യാജ ചികിത്സാകേന്ദ്രങ്ങളും , വ്യാജ ഡോക്ടർമാരും നാട്ടിലേറെയുണ്ട്. ഇവരുടെ വലയിൽ വീഴുന്നവരുടെ എണ്ണവും ഇപ്പോൾ വർധിച്ചുവരികയാണ്. പലപ്പോഴും ഇത്തരം വ്യാജകേന്ദ്രങ്ങളിൽ എത്തുന്ന രോഗികൾക്ക് പണം മാത്രമല്ല ജീവനും നഷ്ടമായേക്കാം. അത്തരമൊരു വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്നത്.

സ്തനാര്‍ബുദത്തിന് ചികിത്സ തേടിയെത്തിയ ഒരു രോഗിക്കാണ് ദുരനുഭവം ഉണ്ടായത്. മരുന്ന നൽകുന്നതിനു പകരം കക്ഷത്തിനടിയിൽ സിമന്റും നാരങ്ങാ നീരും കലർത്തിയ മിശ്രിതം പുരട്ടുക എന്ന വിചിത്രമായ ചികിത്സയാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അസുഖം മൂർച്ഛിച്ച് രോഗി മരണപ്പെട്ടതോടെ മകൾ പൊലീസിൽ പരാതി നൽകി. ഡോക്ടര്‍ക്കും ട്യൂമര്‍ റിസര്‍ച്ച് ഇന്‍സ്റ്റി‍റ്റ്യൂട്ടിനുമെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

അമ്മയുടെ സ്തനാര്‍ബുദം ഭേദമാക്കാമെന്ന് പറഞ്ഞ് വുഹാനിലെ ട്യൂമര്‍ റിസര്‍ച്ച് ഇന്‍സ്റ്റി‍റ്റ്യൂട്ട് 200,000 യുവാൻ (22.76 ലക്ഷം രൂപ) കൈപ്പറ്റിയെന്ന് വാങ് എന്ന യുവതി പറഞ്ഞു. 2021 അവസാനത്തോടെയാണ് അമ്മയ്ക്ക് സ്തനാർബുദം ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് യുവതി പറഞ്ഞു. രോഗനിർണയത്തിന് തൊട്ടുപിന്നാലെ, യൂ എന്ന ഡോക്ടറെ പോയി കണ്ടു. താന്‍ ക്യാൻസർ ചികിത്സാ വിദഗ്ധനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഡോങ്യുസാൻബാവോ എന്ന പേരില്‍ ഇയാള്‍ നടത്തുന്ന ട്യൂമർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചികിത്സയ്ക്കായി എത്തിയത്.

ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഒരു മരുന്ന് താന്‍ കണ്ടു പിടിച്ചതായും ആ മരുന്നിന് പേറ്റന്‍റ് അവകാശം ലഭിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. അതിനായി ചില രേഖകളും അയാൾ കാണിച്ചിരുന്നു. ഇതോടെ വാങിന്റെ അമ്മ, 20,000 യുവാൻ നല്‍കി തുള്ളിമരുന്ന് വാങ്ങി. ഒരു വർഷത്തിനിടെ ആറ് തവണ വുഹാനില്‍ എത്തി ഡോക്ടറെ കണ്ടു. യാത്രയ്ക്ക് തന്നെ ഏറെ പണം ചിലവായതോടെ സാമ്പത്തിക പ്രതിസന്ധിയിലായതായി വാങ് പറഞ്ഞു.

പിന്നീട് ഡോക്ടർ രോഗിയുടെ സ്തനങ്ങളിൽ നിരവധി കുത്തിവയ്പ്പുകളും നടത്തി.കക്ഷത്തിനടിയിൽ സിമന്റും നാരങ്ങാ നീരും കലർത്തിയ മിശ്രിതം പുരട്ടാനും നിര്‍ദേശിച്ചു-ഇത് ക്യാന്‍സര്‍ മുഴകൾ ചുരുങ്ങാൻ സഹായിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ണ്ട് മാസം കൊണ്ട് അവിടെ വ്രണമായി”- വാങ് പറഞ്ഞു.ഈ വർഷം ഏപ്രിലിൽ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി. ശരീരത്തിലാകെ ക്യാൻസർ കോശങ്ങൾ പടർന്നതായി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ വ്യക്തമായി. എന്നാൽ അത് സാധാരണമാണെന്നും മരുന്ന് തുടരാനും ഡോ യൂ നിര്‍ദേശിച്ചു. ജൂണ്‍ മാസത്തില്‍ വാങിന്‍റെ അമ്മയുടെ മരണം സംഭവിച്ചു.

ഇതോടെയാണ് വാങ് പൊലീസിനെ സമീപിച്ചത്. അതിനിടെ തനിക്ക് മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലെന്ന് യൂ കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്്. സര്‍ട്ടിഫിക്കറ്റുകളും രേഖകളും പണം നല്‍കി ഓണ്‍ലൈനില്‍ വാങ്ങിയതാണെന്നും ഇയാള്‍ സമ്മതിച്ചു. താന്‍ ചികിത്സ നടത്തിയിട്ടില്ലെന്നും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയാണ് ചെയ്തതെന്നുമാണ് ഇയാളുടെ അവകാശവാദം. ഏതായാലും സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.