ഫേയ്സ്ബുക്കിന്റെ മെറ്റാവേര്‍സ് ആശങ്കാജനകം; സ്വകാര്യത ലംഘനം ഉണ്ടാകുമെന്ന് ഫ്രാന്‍സെസ് ഹൗഗന്‍

 

ഇന്റര്‍നെറ്റിന്റെ വെര്‍ച്വല്‍ റിയാലിറ്റി പതിപ്പായ മെറ്റാവേര്‍സ് നിര്‍മ്മിക്കാനുള്ള ഫേയ്സ്ബുക്കിന്റെ പദ്ധതികള്‍ വളരെയധികം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഡാറ്റാ സൈന്റിസ്റ്റ് ഫ്രാന്‍സെസ് ഹൗഗന്‍. യൂറോപ്യന്‍ പര്യടനത്തിനിടെ ബുധനാഴ്ച ഫ്രഞ്ച് പാര്‍ലമെന്റിനോട് സംസാരിച്ച ഫ്രാന്‍സെസ് ഹൗഗന്‍ സ്വകാര്യത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തന്റെ ആശങ്കകള്‍ പങ്കുവച്ചത്. നേരത്തെയും ഫെയ്‌സ്ബുക്കിനെതിരെ വെളിപ്പെടുത്തലുമായി ഫ്രാന്‍സെസ് രംഗത്തെത്തിയിട്ടുണ്ട്.

ഫ്രാന്‍സെസ് ഹൗഗന്റെ വെളിപ്പെടുത്തലുകള്‍ മൂലം പ്രതിച്ഛായക്ക് മങ്ങലേറ്റ ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, കഴിഞ്ഞ മാസം അവസാനമാണ് വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് മുഖാമുഖമെന്ന് തോന്നുന്ന തരത്തിൽ ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.

എന്നാൽ സെന്‍സറുകള്‍, മൈക്രോഫോണുകള്‍, തുടങ്ങിയവ കൊണ്ട് ജനങ്ങളെ നിരീക്ഷിക്കാനാണ് ഫെയ്സ്ബുക്കിന്റ ശ്രമമെന്നും കമ്പനികള്‍ ഈ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫ്രാന്‍സെസ് ഹൗഗന്‍ പറഞ്ഞു.

“നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുവെന്ന് സങ്കല്‍പ്പിക്കുക, തങ്ങള്‍ ഒരു മെറ്റാവേര്‍സ് കമ്പനിയാകണമെന്ന് നിങ്ങളുടെ തൊഴിലുടമ തീരുമാനിക്കുന്നു. ഫേസ്ബുക്കിനെ സ്വകാര്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാകുമെങ്കിലും, ഫേയ്സ്ബുക്കിന് നിങ്ങളെ നിരീക്ഷിക്കാനാകുമോ എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല, ” ഫ്രാന്‍സെസ് കൂട്ടിച്ചേര്‍ത്തു.

ഫേയ്സ്ബുക്കിൽ മുമ്പ് എഞ്ചിനീയർ ആയിരുന്ന ഫ്രാന്‍സെസ്, സ്ഥാപനത്തിലെ ഒരു കൂട്ടം ആഭ്യന്തര രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിരുന്നു, ഈ രേഖകൾ വെളിപ്പെടുത്തിയ പ്രകാരം ഫെയ്‌സ്ബുക്ക് ദുർബലമായ ജനാധിപത്യത്തിലും ദുർബലരായ കൗമാരക്കാരിലും ഉണ്ടാക്കുന്ന മോശം സ്വാധീനത്തെക്കുറിച്ച് വലിയ രീതിയിൽ ഉള്ള വിമർശനം ഉയർന്നിരുന്നു.

സമൂഹത്തിന് ദോഷം ചെയ്യുന്ന ഉള്ളടക്കം കുറയ്ക്കുന്നതിന് പകരം ലാഭം നേടുക എന്നത് മാത്രമാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യമെന്നും കമ്പനി അതിന്റെ രീതികൾ മാറ്റുമെന്ന് കരുതാനാവില്ലെന്നും അമേരിക്കന്‍, യൂറോപ്യന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ ഫ്രാന്‍സെസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആളുകളെ രോഷാകുലരാക്കുന്ന ഉള്ളടക്കം തങ്ങൾ മനപ്പൂർവ്വം പ്രചരിപ്പിക്കുന്നു എന്ന വാദം വളരെ യുക്തിരഹിതമാണെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തിരിച്ചടിച്ചു

വാള്‍ സ്ട്രീറ്റ് ജേണലില്‍ ഫെയ്‌സ്ബുക്കിനെതിരെ വന്ന സ്ഫോടനാത്മകമായ ലേഖനങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ താന്‍ സമുഹത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും ഹൗഗന്‍ ഫ്രഞ്ച് പാര്‍ലമെന്റിനോട് പറഞ്ഞു.

ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് നിര്‍ണായകമാണെന്ന് അവര്‍ പറഞ്ഞു. ‘ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ വര്‍ഷം അമ്മയോടൊപ്പം താമസിക്കാന്‍ ഭാഗ്യമുണ്ടായതിനാലും, തന്റെ അമ്മ ഒരു പുരോഹിത ആയതിനാലും കൃത്യമായ കൗണ്‍സിലിംഗും തെറാപ്പിയും ലഭിച്ചു,” അവര്‍ പറഞ്ഞു.

അതേസമയം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 9 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് ഫേയ്സ്ബുക്ക് റിപ്പോര്‍ട്ട് ചെയ്തത്.