അഫ്ഗാനിലെ ഭൂചലനം; മരണസംഖ്യ ആയിരം കടന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഭൂചലനം ഏറ്റവും കൂടുതല്‍ നാശം വിതച്ച പക്തിക പ്രവിശ്യയിലാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുന്നത്. മലനിരകളാല്‍ നിറഞ്ഞ മേഖലയില്‍ മുമ്പ് തന്നെ ഗതാഗത സൗകര്യം പരിമിതമായിരുന്നു.

കനത്തമഴയും മലയിടിച്ചിലും മൂലം 24 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ പല പ്രദേശങ്ങളിലും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യുണിസെഫ് മേധാവി സാം മോര്‍ട്ട് അഫ്ഗാനിലെ പ്രതിനിധികളെ ഉദ്ധരിച്ച് അറിയിച്ചത്.

രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നു. നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ള റെഡ് ക്രസന്റ് ഉള്‍പ്പെടെ സംഘടനകളും യു.എന്‍ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്. ദുരന്തത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ദുഖം രേഖപ്പെടുത്തി.

സാഹചര്യം വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചതായി സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന് എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന് ചൈനയും വ്യക്തമാക്കി.