ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ ഉടൻ; നിമിഷ പ്രിയയുടെ അമ്മ യെമനിൽ എത്തി

യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ എത്തി. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ ഉടൻ നടക്കും. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്.

ജയിലിലുള്ള നിമിഷ പ്രിയയെയും അമ്മ കാണുമെന്നും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ അറിയിച്ചു. മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് അമ്മ യെമനിൽ എത്തിയത്. സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്.

ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്നലെ പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അ‌‌‌ഞ്ചുമണിക്കാണ് യമനിലേക്ക് പുറപ്പെട്ടത്. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞു.

ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും പ്രേമകുമാരി സന്ദർശിക്കും. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും പ്രതീക്ഷയുണ്ട്. നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുളള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണ് പ്രേമകുമാരിയുടെ യെമനിലേക്കുളള യാത്ര.