ഇന്ത്യന്‍ അധ്യാപകര്‍ക്ക് ബഹ്‌റൈനില്‍ പ്രതിസന്ധി; സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ നിരവധി പേര്‍ അയോഗ്യര്‍

ബഹ്‌റൈനില്‍ നടന്ന ഇന്ത്യന്‍ അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ നിരവധി പേര്‍ അയോഗ്യരാണെന്ന് കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് ബിഎഡ് നേടി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്.

ബഹ്‌റൈന്‍ മന്ത്രാലയത്തിന് വേണ്ടി ക്വാഡ്രോബേ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്. ക്വാഡ്രോബേയില്‍ സ്വന്തം ചിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത് ഇതിന്റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ട്. ഇതോടെ എല്ലാ സ്‌കൂളുകളും അധ്യാപകര്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തു.

എന്നാല്‍ നിരവധി അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിഎഡി നേടി ജോലി ചെയ്തുവന്നിരുന്ന അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകളാണ് നെഗറ്റീവ് എന്ന് ഫലം വന്നത്. ചിലരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. മുന്‍പ് അംഗീകാരം ഉണ്ടായിരുന്ന സര്‍വകലാശാലകളില്‍ ചിലതിന് അംഗീകാരം നഷ്ടപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് കാരണം.