കൊറോണ ഭീതി: ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ

കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇറാന്‍, ഇറാഖ്, ലെബനൻ, സൌത്ത് കൊറിയ,തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യങ്ങൾക്കാണ് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ്‌ വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്താറിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.

കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലെ സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. സൗദിയില്‍ രോഗം ബാധിച്ച 19ല്‍ പതിനൊന്നുപേരും കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് വരുന്നതിനും പുറത്തുപോകുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്യാസ് സ്റ്റേഷനുകളും ഫർമാസികളും ആശുപത്രികളും ഉൾപ്പെടെയുള്ള അത്യാവശ്യ സേവന മേഘലകൾ മാത്രമേ ഇവിടെ പ്രവർത്തിക്കുന്നുള്ളൂ.

അതേസമയം, രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുൻകരുതൽ നടപടികൾ ശക്തമാക്കി. ട്രോളികൾ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് റിയാദ് നഗരസഭ നിർദ്ദേശം നൽകി. മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിന് ഇസ്ലാമികകാര്യ മന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താൽക്കാലികമായി നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം, ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്.