'ചൈന, ഇന്ത്യ, തുടങ്ങി മറ്റേതെങ്കിലുമൊക്കെ നരകകുഴികള്‍...': ജന്മാവകാശ പൗരത്വത്തെച്ചൊല്ലി ഇന്ത്യാ വിരുദ്ധ പരാമര്‍ശം വീണ്ടും പ്രചരിപ്പിച്ച് ട്രംപ്

റേഡിയോ അവതാരകന്‍ മൈക്കല്‍ സാവേജ് എഴുതിയ വംശീയമായ ഉള്ളടക്കമുള്ള കത്ത് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റേഡിയോ അവതാരകനായ മൈക്കല്‍ സാവേജ് എഴുതിയ വംശീയ വിദ്വേഷം നിറഞ്ഞ നാല് പേജുകളുള്ള കത്താണ് ട്രംപ് തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഈ കത്തില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ‘ഭൂമിയിലെ നരകം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന മൈക്കല്‍ സാവേജിന്റെ വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

അമേരിക്കയുടെ ജന്മാവകാശ പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സാവേജ് നടത്തിയ വംശീയ പരാമര്‍ശത്തില്‍, രണ്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ‘ഒന്‍പതാം മാസത്തില്‍ ഒരു കുഞ്ഞിനെ ഉപേക്ഷിക്കാന്‍’ യുഎസിലേക്ക് വരാറുണ്ടെന്നും നിയമം അവരെ ‘തല്‍ക്ഷണ’ യുഎസ് പൗരന്മാരാക്കി മാറ്റുന്നുവെന്നും ആരോപിച്ചു.

ജനനമനുസരിച്ച് പൗരത്വം നല്‍കുന്ന അമേരിക്കയിലെ പൗരത്വ നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സാവേജ് ഈ കത്തെഴുതിയത്. ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള ആളുകള്‍ അമേരിക്കയില്‍ വന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിലൂടെ അവര്‍ക്ക് ഉടനടി അമേരിക്കന്‍ പൗരത്വം ലഭിക്കുന്നുവെന്നും പിന്നീട് അവരുടെ കുടുംബത്തെ മുഴുവന്‍ ഈ ‘നരകകുഴികളില്‍’ നിന്നും അമേരിക്കയിലേക്ക് കൊണ്ടുവരികയുമാണെന്നാണ് കത്തിലെ ആരോപണം.

അമേരിക്കയിലെ ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മൈക്കല്‍ സാവേജ് കത്തില്‍ ഈ പ്രയോഗം നടത്തിയത്. അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന രീതി കുടിയേറ്റക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ളവര്‍ ഇവിടെ വന്ന് പ്രസവിക്കുന്നതിലൂടെ ആ കുട്ടിക്ക് ഉടന്‍ പൗരത്വം ലഭിക്കുന്നുവെന്നും പിന്നീട് ആ കുട്ടിവഴി അവരുടെ മുഴുവന്‍ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായിക്കുന്നുവെന്നുമാണ് സാവേജ് ചൂണ്ടിക്കാണിക്കുന്നു.

ജന്മാവകാശ പൗരത്വത്തെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതിയുടെ വാദങ്ങളെ വിമര്‍ശിച്ച സാവേജിന്റെ പോഡ്കാസ്റ്റ് ‘സാവേജ് നേഷന്‍’ ന്റെ ട്രാന്‍സ്‌ക്രിപ്റ്റും വീഡിയോയും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് പങ്കിട്ടു.

കാലിഫോര്‍ണിയയിലെ സാങ്കേതിക മേഖലയിലെ ജോലികളില്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ളവര്‍ ആധിപത്യം പുലര്‍ത്തുന്നുവെന്നും ഇതിനാല്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്നും കത്തില്‍ ആരോപണമുണ്ട്. ജനനത്തിലൂടെയുള്ള പൗരത്വം സംബന്ധിച്ച കാര്യങ്ങള്‍ കോടതികളോ അഭിഭാഷകരോ അല്ല തീരുമാനിക്കേണ്ടതെന്നും മറിച്ച് ഒരു ദേശീയ വോട്ടെടുപ്പിലൂടെ തീരുമാനിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ നയങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനെ (എസിഎല്‍യു) ‘കുറ്റവാളി സംഘടന’ എന്നാണ് സാവേജ് കത്തില്‍ വിളിച്ചിരിക്കുന്നത്. അവര്‍ക്കെതിരേ കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഭരണഘടനാപരമായ വ്യാഖ്യാനങ്ങള്‍ ആധുനിക കാലഘട്ടത്തിലെ കുടിയേറ്റ രീതികള്‍ക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം സുപ്രീം കോടതി നടപടികളോടുള്ള അതൃപ്തി അറിയിച്ചുകൊണ്ട് പറഞ്ഞു.

കുടിയേറ്റക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള പൊതുസേവനങ്ങള്‍ ചൂഷണം ചെയ്യുന്നത് നികുതിദായകര്‍ക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നെന്നും കത്തില്‍ പറയുന്നു. കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ ക്ഷേമപദ്ധതികളില്‍ വലിയ രീതിയില്‍ ക്രമക്കേടുകള്‍ നടക്കുന്നു. കുടിയേറ്റം അമേരിക്കയുടെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വത്തെ ബാധിക്കുന്നുവെന്നും സാവേജ് കുറിച്ചിട്ടുണ്ട്.

വിദേശീയര്‍ക്കും അവരുടെ മക്കള്‍ക്കും യുഎസ് പൗരത്വം നല്‍കുന്നതിനെതിരേ മുമ്പും കടുത്ത നിലപാടുകള്‍ സ്വീകരിച്ചയാളാണ് ട്രംപ്. കാലങ്ങളായി അമേരിക്കയില്‍ നിലനില്‍ക്കുന്ന ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ് എടുത്ത് മാറ്റാന്‍ ട്രംപ് ഭരണകൂടം നീക്കം നടത്തിയിരുന്നു. മുമ്പ് ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ് നിര്‍ത്തലാക്കണമെന്ന് ചൂണ്ടിക്കാണിച്ച് ട്രംപ് ഉത്തരവ് വരെ ഇറക്കിയിരുന്നു. മാതാപിതാക്കളില്‍ ഒരാളെങ്കിലും അമേരിക്കന്‍ പൗരനോ അല്ലെങ്കില്‍ അവിടെ സ്ഥിരതാമസത്തിന് അനുമതിയുള്ള ആളോ (ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍) ആണെങ്കില്‍ മാത്രമേ കുഞ്ഞിന് യുഎസ് പൗരത്വം നല്‍കാവൂ എന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇക്കാര്യത്തില്‍ വിവിധ ഹര്‍ജികളില്‍ യുഎസ് സുപ്രീം കോടതി ഇടപെട്ടിരുന്നു.