കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്, എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

കണ്ണൂര്‍ ജില്ലയില്‍ കിണര്‍ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍കുമാര്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണര്‍ നിര്‍മാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. വീടിന് പരിസരത്തെ കിണര്‍ നിര്‍മാണത്തില്‍ സഹായിച്ചുകൊണ്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്ക്കും സൂര്യാഘാതമേറ്റിട്ടുണ്ട്. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയില്‍ ജോലിചെയ്തുകൊണ്ടിരിക്കേയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ചികിത്സ തേടിയതോടെ ഡോക്ടറാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 2024ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കടുത്ത വേനല്‍ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.