ചൈനയും പാകിസ്ഥാനും പണ്ടേ സഖ്യം; രാഹുലിന് നട്​വർ സിംഗിന്റെ മറുപടി

ചൈനയെയും പാകിസ്ഥാനെയും ഒരുമിച്ച് കൊണ്ടുവന്നത് കേന്ദ്ര സർക്കാരിന്റെ നയതന്ത്രത്തിലെ പിഴവാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്​വർ സിങ്.

1960 മുതൽ ചൈനയും പാകിസ്ഥാനും അടുത്ത സഖ്യകക്ഷികളാണ്. കാശ്മീർ വിഷയം രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛന്റെ കാലത്ത് തന്നെ യുഎന്നിൽ എത്തിയതാണെന്നും അക്കാലത്താണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം രാഹുലിനെ ഓർമിപ്പിച്ചു.

രാഹുൽ പറഞ്ഞത് പൂർണമായും ശരിയല്ലെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും എഴുന്നേറ്റില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും നട്​വർ സിങ് പറഞ്ഞു.

‘ഇപ്പോൾ, ഇന്ത്യ ഒറ്റപ്പെട്ടിട്ടില്ല. നമുക്ക് അയൽക്കാരുമായി നല്ല ബന്ധമാണുള്ളത്. വിദേശനയം പരാജയമല്ല. തന്റെ ജീവിതകാലം മുഴുവൻ വിദേശനയ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത ഒരു വിദേശകാര്യമന്ത്രി നമുക്കുണ്ട്.’ നട്‌വർ സിങ് പറഞ്ഞു. ബിജെപി സർക്കാരിന്റെ വിദേശനയം കാരണം ഇന്ത്യ ഒറ്റപ്പെട്ടുവെന്നായിരുന്നു രാഹുൽ അഭിപ്രായപ്പെട്ടത്.