ബൈഡന്‍ വിജയത്തിന്റെ വക്കിൽ; പെന്‍സില്‍വേനിയയില്‍ മുന്നേറ്റം

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കവേ പെന്‍സില്‍വേനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡണ്ടുമായ ജോ ബൈഡന്‍ മുന്നില്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡണ്ടുമായ ഡൊണള്‍ഡ് ട്രംപിനെ 5596 വോട്ടിനാണ് ബൈഡന്‍ പിന്നിലാക്കിയിരിക്കുന്നത്.

പെൻ‌സിൽ‌വാനിയയിൽ ബൈഡന്‍ വിജയിക്കുകയാണെങ്കിൽ പ്രസിഡന്റ് സ്ഥാനം വിജയിക്കാൻ ആവശ്യമായ ഇലക്ട്രല്‍ വോട്ടുകളുടെ പരിധി മറികടക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

പെന്‍സില്‍വേനിയയില്‍ 20 ഇലക്ട്രല്‍ വോട്ടുകളാണ് ഉളളത്. 2016-ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വേനിയ. ഇവിടെ വിജയം നേടാനായാല്‍ മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ വിജയിക്കാൻ ആവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡന് കരസ്ഥമാക്കാന്‍ സാധിക്കും.

Read more

ജോര്‍ജിയയിലും ബൈഡന്‍ മുന്നിലെത്തിയിരുന്നു. നിലവില്‍ 1000-ന് മുകളില്‍ ലീഡ് ബൈഡന്‍ ഉയര്‍ത്തിയിട്ടുണ്ട്. 1097 വോട്ടിന്റെ ലീഡാണ് നേടിയത്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാലു സംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തു വരാനുളളത്.