പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബലൂചിസ്ഥാനില്‍ പാക് സൈനികര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ഫത്തേ സ്‌ക്വാഡ് കലാട്ടില്‍ സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് 27 സൈനികര്‍ കൊല്ലപ്പെട്ടത്.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് ഐഇഡി സ്‌ഫോടനങ്ങളും പതിയിരുന്ന് ആക്രമണങ്ങളും ഉള്‍പ്പെടെ പ്രത്യേക ഓപ്പറേഷനുകള്‍ നടത്തിയിരുന്നു. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനിക ബസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു.

കറാച്ചിയില്‍ നിന്ന് ക്വറ്റയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോയ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസിലുണ്ടായിരുന്ന ഖവ്വാലി കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ രണ്ട് ഖവ്വാലികള്‍ ഉള്‍പ്പെടെ മൂന്ന് സാധാരണക്കാര്‍ മരിച്ചായി റിപ്പോര്‍ട്ടുകളുണ്ട്.

Read more

ക്വറ്റയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിമോട്ട് നിയന്ത്രിത ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്.