സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ ആക്രമണം:'6 പേർ കൊല്ലപ്പെട്ടു'; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു

സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെൻ്ററിൽ ആക്രമണം. ആക്രമണത്തിൽ ഒരു പ്രതിയടക്കം ആറ് പേർ കൊല്ലപ്പെട്ടു. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന ആളുകളെ കുത്തുകയായിരുന്നു. അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. അതേസമയം സംഭവത്തിൽ ഭീകരാക്രമണം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റവരിൽ ഒരു കൈക്കുഞ്ഞുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ഷോപ്പിങ് മാൾ അടച്ചിട്ടുണ്ട്. ജനങ്ങൾ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും പൊലീസ് അഭ്യർഥിച്ചു.

അതേസമയം ആക്രമണത്തിന്റെയും, ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഷോപ്പിംഗ് സെൻ്ററിന് ചുറ്റും ആംബുലൻസുകളും പോലീസ് കാറുകളും നിരന്ന് കിടക്കുന്നതും സംഭവസ്ഥലത്ത് പാരാമെഡിക്കുകൾ രോഗികളെ ചികിത്സിക്കുന്നതും ഒക്കെ ദൃശ്യങ്ങളിൽ കാണാം.