ഹിന്ദുക്ഷേത്രങ്ങൾ ആക്രമിച്ചവർ വേട്ടയാടപ്പെടും: ബംഗ്ലാദേശ് പ്രധാനമന്ത്രി

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നില്ലെന്ന വിമർശനത്തിനിടയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാ പൂജ ആഘോഷങ്ങൾക്കും നേരെ ആക്രമണം നടത്തിയവർക്കെതിരെ സർക്കാർ വേഗത്തിൽ നടപടിയെടുക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ വാഗ്ദാനം ചെയ്തു.

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ ചില ഹിന്ദുക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിനെ തുടർന്ന് ഉണ്ടായ അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ച 22 ജില്ലകളിൽ അർദ്ധസൈനിക സേനയെ വിന്യസിച്ചു.

“കോമിലയിലെ സംഭവങ്ങൾ സമഗ്രമായി അന്വേഷിക്കും. ആരെയും വെറുതെ വിടില്ല. അവർ ഏത് മതത്തിൽ പെട്ടവരായാലും പ്രശ്നമില്ല. അവരെ വേട്ടയാടുകയും ശിക്ഷിക്കുകയും ചെയ്യും.” ധാക്കയിലെ ധാകേശ്വരി ദേശീയ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഹിന്ദുക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ഷെയ്ഖ് ഹസീന വ്യക്തമാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

“സർക്കാരിന് വലിയ അളവിലുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇത് സാങ്കേതികവിദ്യയുടെ കാലഘട്ടമാണ്, സംഭവത്തിൽ ഉൾപ്പെട്ടവരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ തീർച്ചയായും കണ്ടെത്താനാകും,” ഷെയ്ഖ് ഹസീന പറഞ്ഞു.

ദുർഗാപൂജ ആഘോഷങ്ങൾക്കിടെ അഴിച്ചുവിട്ട അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

വലിയ ജനക്കൂട്ടം ദുർഗാപൂജ പ്രതിഷ്‌ഠകൾ തകർക്കുകയും കല്ലെറിയുകയും ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ കാണാം. ആൾക്കൂട്ടം തകർത്ത ദുർഗാദേവിയുടെ വിഗ്രഹങ്ങളും ചില വീഡിയോകളിൽ കാണിക്കുന്നുണ്ട്.