'അസലാമു അലൈക്കും'; ന്യൂസിലാന്‍ഡ് പാര്‍ലമെന്റിനെ സലാം പറഞ്ഞ് അഭിസംബോധന ചെയ്ത് ജസിന്ത ആര്‍ഡന്‍; 'പറയേണ്ടത് കൊലയാളി വംശീയവാദിയുടെ പേരല്ല, ഇരകളുടേത്'

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളില്‍ അക്രമം നടത്തിയ കടുത്ത വംശീയവാദിയായ ഓസ്‌ട്രേലിയന്‍ യുവാവിനെ പേരില്ലാത്തെ വ്യക്തിയായി കണക്കാക്കുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍. എന്നില്‍ നിന്ന് ഇനി അയാളുടെ പേര് പരാമര്‍ശിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാനാകില്ല. ലോകത്തെ നടുക്കിയ തീവ്രവാദിയാക്രമണത്തിന് ശേഷം ആദ്യമായി ഒരുമിച്ച് ചേര്‍ന്ന ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ ജസീന്ത നിലപാട് വ്യക്തമാക്കി.

മുസ്ലിംങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന “അസലാമു അലൈക്കും” എന്ന് അഭിസംബോധനയോടെയാണ് ജസീന്ത പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തുടങ്ങിയത്. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളാണ് വംശീയവാദിയായ പ്രതിയുടെ പേരിനേക്കാള്‍ പറയേണ്ടതെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം, അക്രമം നടത്തിയ വംശീയ തീവ്രവാദിക്കെതിരെ നിയമത്തിന്റെ സര്‍വ ശക്തിയുമെടുത്ത് നേരിടുമെന്നും ഇവര്‍ പറഞ്ഞു. സംഭവം നടന്നതിന് ശേഷം കാര്യങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്തതിന് ജസീന്ത ലോകത്തിന് മുമ്പില്‍ മാതൃകയായിരുന്നു. അക്രമത്തില്‍ ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ചായിരുന്നു ജസിന്ത സന്ദര്‍ശിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയവര്‍ക്ക് നേരെ ആയുധങ്ങളുമായെത്തി ഓസ്‌ട്രേലിയന്‍ വംശീയവാദിയായ യുവാവ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.