ആശുപത്രിയിലെ ആയിരത്തോളം ആളുകളെയും രോഗികളെയും ബന്ദികളാക്കി വിലപേശാന്‍ ശ്രമം; ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സേന

ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഗാസ നിവാസികളെ ഒഴിപ്പിക്കുന്നത് തടഞ്ഞ കമാന്‍ഡര്‍ അഹമ്മദ് സിയാമിനെയാണ് വധിച്ചതെന്ന് പ്രതിരോധ സേന (ഐ.ഡി.എഫ്) വ്യക്തമാക്കി.

ഗാസയിലെ ആശുപത്രിയില്‍ ആയിരത്തോളം ആളുകളെയും രോഗികളെയുമടക്കം ബന്ദികളാക്കിയശേഷം സൈന്യത്തോട് വിലപേശാനുള്ള തന്ത്രമാണ് തകര്‍ത്തതെന്ന് ഐഡിഎഫ് വ്യക്തമാക്കി. റാന്റിസി ആശുപത്രിയില്‍ ആയിരക്കണക്കിനു പേരെ ബന്ദികളാക്കിയതിനു പിന്നില്‍ സിയാം ആയിരുന്നു. പലസ്തീനികളുടെ പലായനം തടഞ്ഞ് മനുഷ്യകവചം സൃഷ്ടിച്ചതിലും സിയാമിനു പങ്കുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കുന്നു.

Read more

ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയിലെ കമാന്‍ഡറായിരുന്നു സിയാം. ഗാസ സിറ്റിയിലെ അല്‍-ബുറാഖ് സ്‌കൂളില്‍ ഒളിവില്‍ കഴിയവെയാണ് ഇസ്രേലി വ്യോമസേന ഇയാളെ നേരിട്ടത്. ഷിന്‍ ബെറ്റും മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റുമാണ് ഒളിത്താവളം സംബന്ധിച്ച് രഹസ്യവിവരം കൈമാറിയത്. ആക്രമണത്തിന് ഗിവാറ്റി ബ്രിഗേഡ് സൈനികരാണ് നേതൃത്വം നല്‍കിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.