ഇറാനിലെ യുഎസ് ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് അമേരിക്കക്കാർ; പിന്തുണ നാലിലൊന്ന് മാത്രം; ട്രംപിന് തിരിച്ചടിയായി സർവേ ഫലം

ഇറാനിലെ അമേരിക്കൻ ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് യുഎസ് ജനത. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് നടത്തിയ സർവേയിലാണ് 43 ശതമാനം ആളുകളും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കാത്തവരാണെന്ന് വ്യക്തമാക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഉൾപ്പെടെ കൊലപാതകത്തിന് ഇടയാക്കിയ ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക ആക്രമണത്തെ അമേരിക്കക്കാരിൽ നാലിൽ ഒരാൾ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ വിമർശിക്കുന്നവരും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുന്നവരുമാണ് സർവെയിൽ പങ്കെടുത്ത 43 ശതമാനം അമേരിക്കക്കാരും. 27% ആളുകള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ ശേഷിക്കുന്ന 29% ആളുകള്‍ അഭിപ്രായം വ്യക്തമാക്കിയില്ല.

55 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിക്കാർ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണച്ചു. 13 ശതമാനം പിന്തുണക്കുന്നില്ലെന്നും 32 ശതമാനം പേർക്ക് അഭിപ്രായമില്ലെന്നുമാണ് സർവേ ഫലത്തിൽ പറഞ്ഞത്. യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഏകദേശം 42% റിപ്പബ്ലിക്ക് പാര്‍ട്ടിക്കാരും ട്രംപിന്റെ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്നും, അമേരിക്കയില്‍ ഗ്യാസ്, എണ്ണ വിലകള്‍ വര്‍ദ്ധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും സര്‍വേയില്‍ രേഖപ്പെടുത്തി.

എണ്ണവില കൂടിയാല്‍ 45% അമേരിക്കക്കാരും 34% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും 44% സ്വതന്ത്രരും ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റുകളില്‍ 74% പേരും ഇറാനെതിരായ ആക്രമണത്തെ എതിര്‍ക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്. 19% പേര്‍ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

Read more