470 വിമാനങ്ങൾ സ്വന്തമാക്കാൻ എയർ ഇന്ത്യ ; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങൽ കരാർ

ചരിത്രത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങൽ കരാറിൽ എയർ ഇന്ത്യ ഒപ്പിട്ടു. പ്രശസ്ത ഫ്രഞ്ച് വിമാനനിർമാതാക്കളായ എയർബസിൽ നിന്ന് 250 വിമാനങ്ങളും അമേരിക്കയുടെ ബോയിങ് കമ്പനിയിൽ നിന്ന് 220 ജെറ്റുകളും ഉൾപ്പെടെ 470 വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്നത്. ഖത്തർ എയർവെയ്‌സ്, സിങ്കപ്പൂർ എയർലൈൻസ്, എമിറേറ്റ്സ് എന്നിവയാണ് ആദ്യ മൂന്നിൽ നിൽക്കുന്ന എയർലൈനുകൾ. വ്യോമയാന മേഖലയിൽ ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ സമീപഭാവിയിൽ മാറും. നിരവധി കണക്കുകൾ പ്രകാരം അടുത്ത 15 വർഷത്തിൽ 2,500 വിമാനങ്ങൾ ആവശ്യമായി വരുമെന്നും ഈ ആവശ്യം നിറവേറ്റുന്നതിന് ചരിത്രപരമായ കരാർ സഹായകമാകുമെന്നും മോദി വ്യക്തമാക്കി.സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, നെറ്റ്‌വർക്ക്, മാനവ വിഭവശേഷി എന്നിവയിലൂടെ എയർ ഇന്ത്യ വലിയൊരു പരിവർത്തന യാത്രയിലാണെന്നും എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാനായ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വീഡിയോ കോൺഫറൻസിലാണ് എയർ ഇന്ത്യ ഉടമകളായ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന വാങ്ങൽ കരാർ കൂടിയാണിത് എന്ന പ്രത്യേകതയും കരാറിനുണ്ട്.

80 കോടിയിലധികം ഡോളറിൻറെ മൂല്യമുള്ള വിമാനം വാങ്ങൽ കരാറിൽ എയർ ഇന്ത്യയും വിമാന നിർമ്മാണ കമ്പനികളും കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എൻ. ചന്ദ്രശേഖരന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ്, രത്തൻ ടാറ്റ എന്നിവർക്ക് പുറമേ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ – വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, എയർ ബസ് സി.ഇ.ഒ. എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ പ്രഖ്യാപനം. പുതിയ റൂട്ടുകളിലടക്കം വിമാന സർവീസുകൾ ആരംഭിച്ച് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 17 വർഷത്തിനിടെ എയർ ഇന്ത്യ ഇതാദ്യമായാണ് വിമാനങ്ങൾക്കായി ഓർഡർ നൽകുന്നത്. 2022 ജനുവരിയിൽ സർക്കാരിൽ നിന്ന് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതിന് ശേഷം നൽകുന്ന ആദ്യ ഓർഡർ കൂടിയാണിതെന്ന പ്രത്യേകതയും ഉണ്ട്. 2005-ലാണ് എയർ ഇന്ത്യ അവസാനമായി ഓർഡർ നൽകിയത്. അന്ന് 111 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരുന്നത്.

എയർബസിൽനിന്ന് എ350, എ320, ബോയിങ്ങിൽനിന്ന് 737 മാക്സ്, 787 ഡ്രീംലൈനേഴ്സ്, 777 എക്സ് തുടങ്ങിയ വിമാനങ്ങളാണ് വാങ്ങുക. എയർബസിൽ നിന്നും ബോയിംഗിൽ നിന്നും ഓർഡർ ചെയ്ത മൊത്തം വിമാനങ്ങളുടെ എണ്ണം 470 ആണ്. വാണിജ്യ വ്യോമയാന ചരിത്രത്തിലെ എക്കാലത്തെയും വലിയ ഒറ്റ ഓർഡറാണിത്. പുതിയ വിമാനങ്ങളിൽ ആദ്യത്തേത് 2023 അവസാനത്തോടെയാണ് സർവീസ് ആരംഭിക്കുക, 2025 പകുതിയോടെ ബാക്കിയുള്ളവയും സർവീസ് ആരംഭിക്കും. ഇതിനിടെ, എയർ ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള തന്റെ പദ്ധതിയുടെ ഭാഗമായി എയർലൈനിന്റെ സിഇഒ കാംബെൽ വിൽസൺ പാട്ടത്തിനെടുത്ത 11 B777 വിമാനങ്ങളും 25 A320 വിമാനങ്ങളും എയർ ഇന്ത്യ ഡെലിവറി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 യാത്രാ വിമാനങ്ങൾ വാങ്ങാനായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ലോകത്തിലെ എക്കാലത്തെയും വലിയ വാണിജ്യ വ്യോമയാന കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ലോകത്തെ വാണിജ്യ വ്യോമയാന മേഖലയിൽ വളർന്നുവരുന്ന ഇന്ത്യയുടെ സ്ഥാനം ഒരു പടികൂടി ഉയർത്തുന്നതാണ് ഈ റെക്കോർഡ് കരാർ. രാജ്യത്തെ വ്യോമയാന മേഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ ഈ കരാർ ഇന്ത്യയ്ക്ക് നേട്ടമായി മാറും. മാസങ്ങൾ നീണ്ട രഹസ്യ ചർച്ചകൾക്ക് ശേഷമാണ് കരാർ യാഥാർത്ഥ്യമായതെന്ന് ചർച്ചയിൽ പങ്കെടുത്തവരുമായി സംസാരിച്ചതിന് ശേഷം വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹായിക്കുകയെന്ന ചരിത്ര നിമിഷമാണിതെന്നും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലായി കരാർ മാറുമെന്നും എയർബസ് സി.ഇ.ഒ ഗ്വില്വാമെ ഫോറി കരാറിനെ വിശേഷിപ്പിച്ചു. അതേസമയം, ബോയിങ്ങുമായുള്ള എയർ ഇന്ത്യയുടെ ഇടപാട് ചരിത്രപരമാണെന്നും ഈ കരാർ അമേരിക്കയിൽ 10 ലക്ഷം തൊഴിൽ ലഭ്യമാക്കുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.