കാബൂളിനരികെ താലിബാൻ; പ്രതിരോധിക്കാൻ സുരക്ഷാസേനയെ സുസജ്ജമാക്കുമെന്ന്  അഷ്‌റഫ് ഗാനി

താലിബാനെ പ്രതിരോധിക്കാനായി സൈന്യത്തിന്റെ പുനർവിന്യാസത്തിനാണു മുഖ്യ പരിഗണനയെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി. അഫ്ഗാന്‍ തലസ്ഥാനമായ കാബൂൾ താലിബാന്‍ ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഗാനിയുടെ പ്രസ്താവന.  ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘നിലവിലെ സാഹചര്യത്തിൽ, നമ്മുടെ സുരക്ഷാ, പ്രതിരോധ സേനകളുടെ പുനർവിന്യാസത്തിനാണു മുഖ്യപരിഗണന നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടു ഗൗരവമായ നടപടികളെടുക്കും. ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമായി, ജനങ്ങളുടെമേൽ യുദ്ധം അടിച്ചേൽപ്പിക്കാനോ കൂടുതൽ മരണങ്ങൾക്കോ ഞാനാഗ്രഹിക്കുന്നില്ല. അതിനാൽ, അഫ്ഗാൻ ജനതയ്ക്കു സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാരിന് അകത്തുംപുറത്തും വിപുലമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, രാജ്യാന്തര പങ്കാളികൾ തുടങ്ങിയവരുമായി സംസാരിച്ചു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. മനക്കരുത്തോടെയും അസാമാന്യ ധൈര്യത്തോടെയുമാണു സൈന്യം അഫ്ഗാനെ സംരക്ഷിക്കുന്നത്’– ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഗാനി പറഞ്ഞു.

രാജിവയ്ക്കുന്നതിനെ കുറിച്ചോ, നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെപ്പറ്റിയോ യാതൊരു സൂചനയും അദ്ദേഹം നൽകിയില്ല.

കാണ്ഡഹാര്‍ ഉള്‍പ്പെടെ വീണതിനെ തുടര്‍ന്ന് കാബൂള്‍ വളയപ്പെട്ട അവസ്ഥയിലാണ്. താലിബാന്‍ മുന്നേറ്റം ശക്തമാകുന്നതോടെ സര്‍ക്കാര്‍ സേനയുടെ ചെറുത്തുനില്‍പ്പ് ദുര്‍ബലമാകുമെന്നാണു വിലയിരുത്തല്‍. കാബൂളില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ താലിബാന്‍ തമ്പടിച്ചിരിക്കുന്നത്.

നിലവില്‍ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ പകുതിയിലേറെ പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ ഇന്നലെ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട മറ്റൊരു നഗരമായ ഹെറാത്തും പടിഞ്ഞാറന്‍ പ്രവിശ്യയായ ഖോറും താലിബാന്‍ കഴിഞ്ഞദിവസം നിയന്ത്രണത്തിലാക്കിയതില്‍ ഉള്‍പ്പെടുന്നു. രൂക്ഷമായ ആക്രമണം ആരംഭിക്കും മുൻപു തങ്ങളുടെ പൗരന്മാരെ വിമാനങ്ങളില്‍ അഫ്ഗാനു പുറത്തെത്തിക്കാനുള്ള ഒരുക്കത്തിലാണു മറ്റ് രാജ്യങ്ങള്‍.