ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ വൻ വാതക സ്ഫോടനത്തിൽ മരണസംഖ്യ 90. ചൈനയിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദക മേഖലയായ ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യു കൽക്കരി ഖനിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സ്ഫോടനം നടന്നത്. സ്ഫോടന സമയത്ത് 247 തൊഴിലാളികൾ മണ്ണിനടിയിലായിരുന്നു.
ഒൻപതു പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സർക്കാർ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സമഗ്രമായ രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more
ചൈനയിലെ പ്രധാന കൽക്കരി ഖനന മേഖലയാണ് ഷാൻസി പ്രവിശ്യ. പ്രവിശ്യയിൽ 3.4 കോടിയോളം ജനങ്ങളുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇവിടെ നിന്ന് 130 കോടി ടൺ കൽക്കരിയാണ് ഖനനം ചെയ്തത്.







