'ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 4 മലയാളികളും', ജീവനക്കാരുമായി ബന്ധം നഷ്‌ടപ്പെട്ടെന്ന് കമ്പനി; ആശങ്കയിൽ കുടുംബങ്ങൾ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിൻ്റെ ചരക്ക് കപ്പലിൽ നാല് മലയാളി ജീവനക്കാരും. 25 അംഗങ്ങളുള്ള കപ്പലിൽ പതിനേഴ് പേരും ഇന്ത്യക്കാരാണ്. ഇതിൽ 4 മലയാളികളും ഉൾപ്പെടുന്നു. തൃശൂർ സ്വദേശിനിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികൾ.

കപ്പലിലെ സെക്കൻഡ് എഞ്ചിനിയറാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ്. പത്ത് വർഷമായി ശ്യാംനാഥ് എം എസ് സി കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. ശ്യാമിനൊപ്പം കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ വയനാട് സ്വദേശി പി.വി. ധനേഷും തേര്‍ഡ് എന്‍ജിനീയറായ പാലക്കാട് സ്വദേശി സുമേഷും ജോലി ചെയ്യുന്നുണ്ട്. അതേസമയം, ഇന്നലെ വൈകിട്ടുമുതൽ കുടുംബങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാനായിട്ടില്ലെന്നും ജീവനക്കാരുമായി ബന്ധം നഷ്ടപ്പെട്ടെന്ന് കമ്പനി കുടുംബാംഗങ്ങളെ അറിയിച്ചതായി സ്വദേശിനിയായ ആൻ ടെസ്സ ജോസഫിൻ്റെ കുടുംബം പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടു വരികയാണ്. ടെഹ്‌റാനിലും ദില്ലിയിലും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കാൻ ഇറാൻ വിദേശ കാര്യമന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം ഇന്നലെ പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാൻ്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേയ്ക്ക് അടുപ്പിച്ചു. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിൻ്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ – സ്വിസ് കമ്പനിയായ എംഎസ്‌സിയാണ് കപ്പലിന്റെ നടത്തിപ്പ്.