കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്; ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയെന്ന് ഇറാൻ

കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മരിച്ചു. ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആകെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു.

ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജിസിസി കൂട്ടായ്മയും രംഗത്തെത്തി. കുവൈത്തിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു.

Read more