പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല; പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ സുധാകരൻ

കെ.പി.സി.സി പ്രഖ്യാപിച്ച ഭാരവാഹി പട്ടികയിൽ അസംതൃപ്തിയുള്ളവർ ഉണ്ടാകാമെന്നും പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പുതിയ പട്ടിക ഉൾക്കൊള്ളാൻ ചില ആൾക്കാർക്ക് പ്രയാസമുണ്ടാകുമെന്നും എന്നാൽ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

ഭാരവാഹികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിൽ അസംതൃപ്തിയുള്ളവരുണ്ടാകാം. ഒഴിവാക്കപ്പെട്ടവരെ മറ്റു ചുമതലകൾ ഏൽപിച്ചു പാർട്ടിയിൽ സക്രിയമാക്കും. ഗ്രൂപ്പിലുള്ളവർ തന്നെയാണ് പട്ടികയിലുള്ളതെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ- സാമുദായിക സംവരണവുമടക്കം വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാല് വൈസ് പ്രസിഡന്റുമാരുടെയും ഇരുപത്തിമൂന്ന് ജനറൽ സെക്രട്ടറിമാരും ട്രഷററും ഉൾപ്പെടെയുള്ളവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രമണി പി നായരുടെ പേര് ഒടുവിൽ വെട്ടുകയായിരുന്നുവെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ആദ്യം രമണിയെ പരിഗണിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ പേര് പിൻവലിക്കാൻ കാരണമായെന്നും സുധാകരൻ വ്യക്തമാക്കി.

നാല് വൈസ് പ്രസിഡന്റുമാർ, 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമതി അം​ഗങ്ങൾ എന്നിങ്ങനെയാണ് കെപിസിസി ഭാരവാഹി പട്ടിക. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ.

എൻ.ശക്തൻ, വി.ടി. ബൽറാം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. 23 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ മൂന്ന് വനിതകളാണ്. ദീപ്തി മേരി വർഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ.

എ.എ. ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ്. അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, ജോസി സെബാസ്റ്റിയൻ, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എം.എം. നസീർ, ജി.എസ്. ബാബു, ജി. സുബോധൻ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ.

Read more

പദ്മജ വേണുഗോപാലിനെയും ഡോ. പി. ആർ സോനയെയും നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി. അനിൽ അക്കര, ജോയ്തികുമാർ ചാമക്കാല, ഡി സുഗതൻ എന്നിവരെയും നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമതസ്വരം ഉയർത്തിയ എ വി ​ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.