രവി മോഹനും കെനിഷയും പൊതുവേദിയിൽ വീണ്ടും ; വൈറലായി വീഡിയോ

ഗായിക കെനിഷയുമായി നടന്‍ രവി മോഹന്‍ പ്രണയത്തിലാണെന്ന ഗോസ്സിപ്പുകൾക്കിടയിൽ വീണ്ടും ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനിഷയും വിരുന്നിന് ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് എത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു ആരാധക കമന്റുകള്‍. ദമ്പതികളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ഇവര്‍ എത്തിയതെന്നും നടന്‍ ഒരുപാട് സന്തോഷവനായാണ് കെനിഷയ്‌ക്കൊപ്പം ഉള്ളതെന്നുമാണ് ആരാധകര്‍ പറഞ്ഞത്.

രവി മോഹനും ഭാര്യ ആര്‍തിയും വിവാഹമോചിതരാകാന്‍ കാരണം കെനിഷ ആണെന്ന് നേരത്തെ ഗോസിപ്പുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് നടന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ തെറാപ്പിസ്റ്റും അടുത്ത സുഹൃത്തുമാണ് കെനിഷ എന്നായിരുന്നു നടന്‍ പറഞ്ഞത്.

ആര്‍തിക്കും കുടുംബത്തിനുമെതിരെ കെനിഷയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നടന്‍ തന്റെ ക്ലൈന്റ് ആണെന്നും ആര്‍തിയും കുടുംബവും നടനോട് ക്രൂരമായി പെരുമാറിയതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 9ന് ആയിരുന്നു ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായാണ് ജയം രവി ഡിവോഴ്സ് പ്രഖ്യാപിച്ചത് എന്നാണ് ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ജയം രവിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളിയാണ് കെനിഷ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

ഇതിനെതിരെ ജയം രവി പ്രതികരിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആര്‍തി തന്നെ സമീപിച്ചില്ല എന്നായിരുന്നു ജയം രവി ചോദിച്ചത്. തന്റെ മക്കളുടെ കസ്റ്റഡി നേടിയെടുക്കുമെന്നും നടന്‍ പറഞ്ഞിരുന്നു. 20 വര്‍ഷം വേണ്ടി വന്നാലും അതിനായി പോരാടുമെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.