അമ്മ സംഘടനയിൽ നിന്നും പുറത്ത് പോരാൻ കാരണം ടിനി ടോം ആണെന്ന അന്സിബയുടെ തുറന്ന് പറച്ചിലിന് പിന്നാലെ പ്രതികരിച്ച് ടിനി ടോം രംഗത്ത്. അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചു. ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് നിങ്ങളുടെ മുൻപിൽ ഞാൻ വന്നിട്ടില്ലല്ലോ എന്നും ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചതെന്നും ടിനി ടോം പറഞ്ഞു.
എന്നാൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിക്കുന്നതെന്ന് ടിനി ടോം പറഞ്ഞു. ഞാൻ പറഞ്ഞുവെന്ന് മറ്റാരോ പറഞ്ഞെന്നാണ് അൻസിബയുടെ ആരോപണം. അതിന് തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണം. ഇത്രകാലം ‘അമ്മ’യുടെ എക്‌സിക്യൂട്ടീവിൽ പ്രവർത്തിച്ചിട്ട് ഇതുവരെ തനിക്കെതിരെ ആരും ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിട്ടില്ല. ഞാനൊരു മിമിക്രിക്കാരനാണ്. ഞങ്ങൾക്കിടയിൽ ജാതിയും മതവും ഇല്ല. ഇങ്ങനെയൊരു ആരോപണം എങ്ങനെ ഉണ്ടായി എന്നറിയില്ല. എന്തായാലും ഈ വിഷയം സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്‌തു തീരുമാനിക്കുമെന്ന് ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു.
യാതൊരു വിധ മോശം പ്രവർത്തനവും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അൻസിബ രാജിക്കത്ത് കൊടുത്തത് ഫെബ്രുവരി 21 നാണ്. 22ന് അത് തിരിച്ച് അയച്ചു. രാജി വയ്ക്കരുത്, ജനറൽ ബോഡി വരെ കൊണ്ടുപോകണം എന്ന് പറഞ്ഞു. പുള്ളിക്കാരിയുടെ രാജിക്കത്ത് ഡിലീറ്റ് ചെയ്‌തു. അതിനുശേഷം മാർച്ച് രണ്ടിന് നടന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ, രാജി വിഷയം സംസാരിച്ചിട്ടില്ല. പിന്നെ മേയ് പന്ത്രണ്ടിനാണ് രാജി വച്ചു എന്ന് കേൾക്കുന്നത്. അപ്പോൾ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ ഫോണിൽ വിളിച്ച് സ്‌പീക്കറിൽ ഇട്ടു. അപ്പോൾ എന്തുണ്ടെങ്കിലും തുറന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ പറഞ്ഞത് ‘സ്വന്തമായ തിരക്കുകൾ കാരണം’ ആണ് രാജി എന്നാണ്. അല്ലാതെ വേറെ ഒന്നും അല്ല എന്നും പറഞ്ഞു.
സെക്രട്ടറിയും പ്രസിഡൻ്റും ചോദിച്ചു. അപ്പോഴും തിരക്കുകൊണ്ടാണ് രാജി വയ്ക്കുന്നതിന് ആ കുട്ടി (അൻസിബ) പറഞ്ഞു. ഇന്ന് ഇവിടെ (അമ്മ ഓഫിസിൽ) മെഡിക്കൽ ക്യാംപ് നടക്കുകയാണ്. ഞാൻ പ്രസംഗിക്കുന്നവനല്ല. പ്രവർത്തിക്കുന്നവനാണ്. ഞാൻ ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ശ്രമം ഉണ്ട്. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന മാനേജർക്കെതിരെ ആയിരുന്നു പ്രശ്‌നം. സ്‌റ്റേജ് പരിപാടികൾ നടക്കുമ്പോൾ പരസ്പ്‌പരം ചീത്തവിളികൾ ഉണ്ടാവാറുണ്ട്. അത് അല്ലാതെ ഒരു പ്രശ്‌നവും നമുക്കിടയിൽ ഉണ്ടാവാറില്ല എന്നും ടിനി ടോം പറഞ്ഞു.
Read more
ടിനി ടോം തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയെന്നും ജിഹാദി എന്ന് വിളിച്ചു അധിക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു. അമ്മ സംഘടനയിലെ തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അൻസിബ ചോദിച്ചിരുന്നു. നീന കുറുപ്പുമായി തർക്കം ഉണ്ടായി എന്നും കുടുംബ സംഗമത്തിനിടെ നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും അൻസിബ പറഞ്ഞു. എക്‌സിക്യൂട്ടിവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നിയമനടപടിക്ക് ഒന്നും താൻ ഇല്ല എന്നും താരം പറഞ്ഞു.







