ബി.ജെ.പി വിട്ടിട്ടില്ല, എസ്.പിയിൽ ചേർന്നിട്ടുമില്ലെന്ന് യു.പി മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ, താൻ ഇതുവരെ ബിജെപി വിടുകയോ സമാജ്‌വാദി പാർട്ടിയിൽ ചേരുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. “ഞാൻ മന്ത്രിസ്ഥാനം മാത്രമാണ് രാജിവെച്ചത്. ഉടൻ തന്നെ ബിജെപി വിടും. തത്കാലം ഞാൻ സമാജ്‌വാദി പാർട്ടിയിൽ ചേരുന്നില്ല,” സ്വാമി പ്രസാദ് മൗര്യ ഇന്ന് പറഞ്ഞു.

ബിജെപിയിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞ മൗര്യ തന്റെ രാജി പാർട്ടിയെ ഉലച്ചെന്ന് പറഞ്ഞു. തന്റെ നീക്കം പാർട്ടിയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചെന്നും മറ്റു കാര്യങ്ങൾ വെള്ളിയാഴ്ച പറയുമെന്നും മൗര്യ വ്യക്തമാക്കി. രാജി സംബന്ധിച്ച ട്വീറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് അഖിലേഷ് തന്നെ അഭിനന്ദിച്ചു എന്നായിരുന്നു മൗര്യയുടെ മറുപടി.

ഒരുകാലത്തു മായാവതിയുടെ വിശ്വസ്തനായിരുന്ന മൗര്യ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ബിജെപിയിലെത്തിയത്. നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 5 തവണ എംഎൽഎയായി. മൗര്യയുടെ രാജി വാർത്ത വന്നതിന് പിന്നാലെ, റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും രാജി പ്രഖ്യാപിച്ചിരുന്നു. ബിഎസ്പിയിൽ നിന്ന് മൗര്യയ്ക്കൊപ്പം ബിജെപിയിലെത്തിയവരാണ് ആദ്യ മൂന്നു പേരും.