കാനം രാജേന്ദ്രനെ നിര്‍ത്തിപ്പൊരിച്ച് സിപിഐ; ‘മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗീര്‍വാണം മുഴക്കുന്ന കാനം പരാജയം; ഭക്ഷ്യമന്ത്രി ഒരു ചുക്കും ചെയ്യുന്നില്ല’

Advertisement

സിപിഐ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ കൊല്ലം ജില്ലാസമ്മേളനം. സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ചയിലാണ് കാനം രാജേന്ദ്രനെതിരെയും ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുയര്‍ന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗീര്‍വാണം മുഴക്കുന്ന കാനം, റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രതിനിധികള്‍ തുറന്നടിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. അത് തടഞ്ഞുനിര്‍ത്താന്‍ ഒരു ചുക്കും ഭക്ഷ്യമന്ത്രി ചെയ്യുന്നില്ലെന്നു പ്രതിനിധികള്‍ ആരോപിച്ചു. ചന്ദ്രശേഖരന്‍ നായരെ പോലെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് തിലോത്തമന്‍ ഓര്‍ക്കണം.

പാര്‍ട്ടി മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ലെന്നും വിമര്‍ശനമുയര്‍ന്നു. പല കാര്യങ്ങളിലും മന്ത്രിമാര്‍ വിരുദ്ധാഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ ഇതാദ്യമായാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയരുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും കാനം മറുപടി പറഞ്ഞില്ല.