കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന വേണം; ചിന്തന്‍ ശിബിര്‍ ഉപസമിതി റിപ്പോര്‍ട്ട്

യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ ഉപസമിതിയില്‍ ആവശ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സമിതികളിലും കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് യുവവിഭാഗം ഉപസമിതിയുടെ ആവശ്യം. താഴെതട്ടുമുതല്‍ പ്രവര്‍ത്തക സമിതിവരെ 50 ശതമാനം യുവപ്രാതിനിധ്യം ഉറപ്പാക്കണം. തിരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം പാലിക്കപ്പെടണം. എല്ലാ സംസ്ഥാനങ്ങളിലും പരിശീലനം നല്‍കിയ യൂത്ത് ബ്രിഗേഡ് വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യം

ചിന്തന്‍ ശിബിറിനായി രൂപീകരിച്ച ഉപസമിതി റിപ്പോര്‍ട്ട് നാളെ സോണിയാ ഗാന്ധിക്ക് കൈമാറും. രണ്‍വീര്‍ ബ്രാര്‍ കണ്‍വീനറായ യുവവിഭാഗം ഉപസമിതിയുടേതാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനില്‍ വെള്ളിയാഴ്ച തുടങ്ങുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് വിവിധ സമിതികള്‍ ഇന്ന് യോഗം ചേര്‍ന്നത്. പല മേഖലകളിലായി ആറ് സമിതികളാണ് രൂപീകരിച്ചത്. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാര്‍ഷിക മേഖല എന്നിങ്ങനെ ആറ് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

നാളെ സമിതി അധ്യക്ഷന്മാരുമായി സോണിയാഗന്ധി ചര്‍ച്ച നടത്തിയാകും ചിന്തന്‍ ശിബിര്‍ അജന്‍ഡയ്ക്ക് അന്തിമ രൂപം നല്‍കുക. അജന്‍ഡ ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതിയും തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി ഭാരത പര്യടനം നടത്തണമെന്ന് രാഷ്ട്രീയ സംഘടനാ സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് സംഘടനാ കാര്യസമിതിയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.