യോഗി സർക്കാരിന് തിരിച്ചടി; ബി.ജെ.പി മന്ത്രി രാജിവെച്ച് അഖിലേഷ് യാദവിനൊപ്പം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന് വലിയ തിരിച്ചടി. യോഗി സർക്കാരിൽ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ സ്ഥാനം രാജിവെച്ച് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ഏതാനും എം.എൽ.എമാരെ കൂടി അദ്ദേഹം കൂടെ കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

“വ്യത്യസ്‌ത ആശയങ്ങൾ ഉണ്ടായിരുന്നിട്ടും യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ഞാൻ അർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചത്. എന്നാൽ ദളിതർ, മറ്റു പിന്നോക്ക വിഭാഗക്കാർ, കർഷകർ, തൊഴിൽരഹിതർ, ചെറുകിട വ്യവസായികൾ എന്നിവരോടുള്ള കടുത്ത അടിച്ചമർത്തൽ കാരണം ഞാൻ രാജിവെക്കുന്നു,” സ്വാമി പ്രസാദ് മൗര്യ തന്റെ രാജിക്കത്തിൽ പറഞ്ഞു.

തന്റെ കത്ത് പുറത്തുവരുന്നതിന് മുമ്പ് തന്നെ അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.

ശക്തനായ ഒബിസി (മറ്റ് പിന്നോക്ക വിഭാഗം) നേതാവും ഒന്നിലധികം തവണ എംഎൽഎയുമായ മൗര്യ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) വിട്ട് 2016 ൽ ബിജെപിയിൽ ചേർന്നു.

കിഴക്കൻ ഉത്തർപ്രദേശിലെ പദ്രൗണയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് മൗര്യ. അദ്ദേഹത്തിന്റെ മകൾ സംഘമിത്ര യുപിയിൽ നിന്നുള്ള ബിജെപി എംപിയാണ്.

2024ലെ ദേശീയ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി പരക്കെ കണക്കാക്കപ്പെടുന്ന തിരഞ്ഞെടുപ്പിൽ ഫെബ്രുവരി 10 മുതൽ ഏഴ് റൗണ്ടുകളിലായി രാഷ്ട്രീയമായി ഏറ്റവും നിർണായക സംസ്ഥാനമായ ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കും. മാർച്ച് 10-ന് ഫലം പ്രഖ്യാപിക്കും.