ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു; അര്‍ജുന അവാര്‍ഡ് ഫലകം തെരുവില്‍ വച്ച് മടങ്ങി വിനേഷ് ഫോഗട്ട്

രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്നു. ഡല്‍ഹി കര്‍ത്തവ്യപഥില്‍ അര്‍ജുന അവാര്‍ഡ് ഫലകം തെരുവില്‍ വച്ച് മടങ്ങി വിനേഷ് ഫോഗട്ട്. പുരസ്‌കാരം തിരികെ നല്‍കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ഖേല്‍ രത്‌ന പുരസ്‌കാരവും റോഡില്‍ വച്ച് മടങ്ങുകയായിരുന്നു.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് താരം അവാര്‍ഡുകള്‍ തിരികെ നല്‍കിയത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് വിനേഷ് ഫോഗട്ട് നേരത്തെ കത്തയച്ചിരുന്നു. ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിംഗിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ ബജാരംഗ് പൂനിയ പത്മശ്രീ മടക്കി നല്‍കുകയും ചെയ്തിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനത്തതോടെ ദോശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ദേശീയ മത്സരങ്ങള്‍ വേഗത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്റ് ചെയ്തത്.