ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയാക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയെ ലോകത്തേ എറ്റവും വലിയ സൈനികശക്തിയാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഏഴ് പുതിയ കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കമ്പനികൾ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

പുതിയ കമ്പനികൾ ഇന്ത്യയുടെ സൈനിക ശേഷിയുടെ കരുത്ത് വർദ്ധിപ്പിക്കും. പ്രതിരോധരംഗത്ത് വലിയ മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. 41 ഓർഡനൻസ് ഫാക്ടറികളുടെ നവീകരണവും ഈ ഏഴ് കമ്പനികളുടെ ആരംഭവും ആ യാത്രയുടെ ഭാഗമാണെന്നും ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്പനികൾ ഊന്നൽ നൽകുകയെന്നും മോദി പറഞ്ഞു.

രാജ്യം സ്വന്തമായി അത്യന്താധുനിക ശേഷിയുള്ള സൈനിക സംവിധാനങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമാകും. പുതിയ കമ്പനികൾക്ക് ഇപ്പോൾ തന്നെ 65,000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധ രംഗത്ത് മുമ്പ് ഒരിക്കലും ഇല്ലാത്ത സുതാര്യതയും വിശ്വാസവും ഇന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഓർഡനൻസ് ഫാക്ടറികളായിരുന്നു ഒരു കാലത്ത് ലോകത്തെ ഏറ്റവും ശക്തമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read more

മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ്, ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്, അഡ്വാൻസ്ഡ് വെപ്പൺസ് ആന്റ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫർട്‌സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്റ്റൽ ലിമിറ്റഡ്, ഗ്ലൈഡേർസ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് പുതുതായി രാജ്യത്തിന് സമർപ്പിക്കപ്പെട്ട കമ്പനികൾ.