കര്‍ഷകരെ കാണുമ്പോള്‍ എന്താണ് പറയേണ്ടത്; പ്രവര്‍ത്തകരോട് സംശയം ചോദിച്ച് രാഹുല്‍ ഗാന്ധി, വിമര്‍ശിച്ച് ബി.ജെ.പി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നൈറ്റ് ക്ലബ് സന്ദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വിവാദവുമായി ബിജെപി. തെലുങ്കനായില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധി കര്‍ഷകരെ കാണുമ്പോള്‍ അവരോട് എന്താണ് സംസാരിക്കേണ്ടത് എന്നതിനെ കുറിച്ച് പ്രവര്‍ത്തകരോട് ചോദിക്കുന്ന വീഡിയോയുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെ ബിജെപി നേതാവ് അമിത് മാളവ്യയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിദേശയാത്രകളും നിശാ ക്ലബ്ബില്‍ സന്ദര്‍ശനം നടത്തുകയുെ ചെയ്യുന്നതിന് ഇടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ ഇങ്ങനെയിരിക്കുമെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് തെലുങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുമ്പോശള്‍ ഇന്നത്തെ പ്രധാന വിഷയം എന്താണെന്നും താന്‍ എന്താണ് സംസാരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

അമിത് മാളവ്യയുടെ ട്വീറ്റിന് പിന്നാലെ നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകും വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ഗാന്ധി തെലുങ്കാനയില്‍ എത്തിയിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് വാറങ്കലില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.