അംബാനിയുടെ വന്‍താരയില്‍ നടക്കുന്നതെന്ത്?

ലോകത്തിലെ തന്നെ ഏറ്റവും വലുതും നൂതനവുമായ മൃഗസംരക്ഷണ, പരിപാലന പദ്ധതികളിൽ ഒന്നായി ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു 2024ൽ ഗുജറാത്തിലെ ജാംനഗറിൽ അനന്ത് അംബാനി ആരംഭിച്ച വന്യജീവി സംരക്ഷണ പദ്ധതിയായ ‘വൻതാര’. റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയോടെ 3,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വൻതാര ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെയും മൃഗങ്ങളെ രക്ഷിക്കാനും പുനരധിവസിപ്പിക്കുക, ലോകോത്തര സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു തുടങ്ങിയത്.

എന്നാൽ 2025ന്റെ പകുതിയോടെ ആരോപണങ്ങളും വിമർശനങ്ങളും കൊണ്ട് വൻതാര മൂടപ്പെട്ടു. ആഗസ്റ്റിൽ സുപ്രീം കോടതി വൻതാരയെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതോടെ വാർത്തകളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് വൻതാര. സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വൻതാരയ്‌ക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുൻ ജഡ്ജി ജസ്‌റ്റി ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച വൻതാര സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്വേഷണം ആരംഭിച്ചിരുന്നു.

ജൂലൈയിൽ കോലാപ്പൂർ ക്ഷേത്രത്തിൽ നിന്ന് ഒരു പെൺ ആനയെ വൻതാരയിലേക്ക് മാറ്റിയതിനെത്തുടർന്ന് സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികളിലെ ആരോപണങ്ങളിൽ നിന്നാണ് അനന്ത് അംബാനിയുടെ വൻതാരയെക്കുറിച്ചുള്ള സുപ്രീം കോടതി അന്വേഷണം ഉടലെടുത്തത്. വാർത്താ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വിവിധ മൃഗാവകാശ സംഘടനകളിൽ നിന്നുള്ള പരാതികൾ എന്നിവയെ അടിസ്ഥാനമാക്കി വൻതാരയ്‌ക്കെതിരെ നിരവധി പരാതികളാണ് ഹർജികളിൽ ഉന്നയിച്ചത്.

വൻതാരയിലെ കാലാവസ്ഥ, പാരിസ്ഥിതിക സാഹചര്യങ്ങൾ, പ്രജനന, സംരക്ഷണ പരിപാടികൾ, ജൈവവൈവിധ്യ വിഭവങ്ങളുടെ ഉപയോഗം, ജലത്തിന്റെയും കാർബൺ ക്രെഡിറ്റുകളുടെയും ദുരുപയോഗം, വിവിധ നിയമങ്ങളുടെ ലംഘനം, നിയമവിരുദ്ധ മൃഗ വ്യാപാരം, വന്യജീവി കടത്ത് എന്നിവയും ആരോപണങ്ങളിൽ ഉൾപ്പെടുന്നു എന്നാണ് റിപോർട്ടുകൾ. വൻതാര വ്യാവസായിക മേഖലകൾക്ക് വളരെ അടുത്താണോ സ്ഥിതി ചെയ്യുന്നതെന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.

പത്രവാർത്തകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, എൻ‌ജി‌ഒകൾ, വന്യജീവി സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രത്യേക പരാതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് ഹർജികളും സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നിയമവിരുദ്ധമായി മൃഗങ്ങളെ വാങ്ങൽ, തടവിൽ വച്ചിരിക്കുന്ന മൃഗങ്ങളെ ദുരുപയോഗം ചെയ്യൽ, സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിരവധി ആരോപണങ്ങളും പരാതിയിൽ ഉന്നയിക്കുന്നു.

ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ പരിസരത്താണ് വൻതാര സ്ഥിതി ചെയ്യുന്നത്. 2024 ഫെബ്രുവരി 26-നാണ് ഈ കേന്ദ്രം ആരംഭിച്ചത്. വൻതാര അഥവാ ‘വനത്തിൻ്റെ നക്ഷത്രം’ എന്നർഥം വരുന്ന ഈ കേന്ദ്രം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഐക്യവും സഹവർത്തിത്വവും നിലനിർത്തിക്കൊണ്ട് മൃഗസംരക്ഷണത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനന്ത് അംബാനി വൻതാരയെ പടുത്തുയർത്തിയത്.

മൃഗങ്ങൾക്കുവേണ്ടി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ചുറ്റുപാടുകൾക്കൊപ്പം സംരക്ഷണ കേന്ദ്രത്തിൽ ഹൈഡ്രോതെറാപ്പി പൂൾ അഥവാ ജലചികിത്സയ്ക്കായുള്ള കുളങ്ങൾ, സന്ധിവാത ചികിത്സയ്ക്കുള്ള ആനകൾക്കായുള്ള വലിയ ജക്കൂസി, ഒന്നിലധികം ജലാശയങ്ങളും വൻതാരയിലുണ്ട്. എംആർഐ, എക്സ്-റേ, ഐസിയു, സിടി സ്കാൻ, ഡെൻ്റൽ സ്കെയിലറുകൾ, എൻഡോസ്കോപ്പി, ലിത്തോട്രിപ്സി, ഡയാലിസിസ്, അൾട്രാസൗണ്ട്, ശസ്ത്രക്രിയകൾക്കായി വീഡിയോ കോൺഫറൻസിങ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് വൻതാരയിലെ ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രം. ഏത് തരത്തിലുള്ള ശസ്ത്രക്രിയയും നടത്താൻ കഴിയുന്ന തരത്തിലാണ് ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ഇതൊരു സുവോളജിക്കൽ പാർക്കല്ല, ഒരു ‘സേവാലയ’ ആണെന്നാണ് അനന്ത് വൻതാരയെ കുറിച്ച് പറഞ്ഞത്.

ഒന്നര വർഷംകൊണ്ടാണ് പലവിധ വിമർശനങ്ങളും ആരോപണങ്ങളും കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാലകളിൽ ഒന്നെന്ന അവകാശവാദവുമായി വന്ന ‘വൻതാര’ സംശയനിഴലിലായത്. ഏഷ്യയിലെ വലിയ സമ്പന്ന കുടുംബത്തിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രം എന്നതും റിലയൻസിൻ്റെ റിഫൈനറി കേന്ദ്രത്തിന്റെ പരിസരത്തെ നിർമിതി എന്നതും വൻതാരയുടെ സൃഷ്ടിയെ തന്നെ ചോദ്യം ചെയ്യുന്നു.

Read more