സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും, രജിസ്‌ട്രേഷന്‍ ആരംഭിക്കും: അസം മുഖ്യമന്ത്രി

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും മദ്രസകളില്‍ പൊതകുവിദ്യാഭ്യാസം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘മദ്രസകളില്‍ പൊതുവിദ്യാഭ്യാസം ഏര്‍പ്പെടുത്താനും രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും. ഇക്കാര്യത്തില്‍ സമുദായത്തോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. അവര്‍ അസം സര്‍ക്കാറിനെ സഹായിക്കുന്നുമുണ്ട്’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

സംസ്ഥാനത്തെ മദ്രസകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അസം പൊലീസ് ഡയറക്ടര്‍ ജനറല്‍ ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു. ചെറിയ മദ്രസകള്‍ വലിയവയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ചും മദ്രസകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ എങ്ങനെ കൊണ്ടുവരാം, ബോര്‍ഡുകള്‍ രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമില്‍ 38 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയവര്‍ പഠിപ്പിക്കുന്ന മൂന്ന് മദ്രസകള്‍ ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.