“റഫാല്‍ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്ന് തന്നെ ബാൽകോട്ട് ആക്രമിക്കാൻ കഴിയുമായിരുന്നു,”: രാജ്‌നാഥ് സിംഗ്

നേരത്തെ ഇന്ത്യയിൽ റഫാല്‍ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തീവ്രവാദ ക്യാമ്പുകൾ ആക്രമിക്കാൻ വ്യോമസേനക്ക് പാകിസ്ഥാനിലെ ബാൽകോട്ടിൽ പ്രവേശിക്കേണ്ടതില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര ഭയന്ദർ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അടുത്തിടെ ഫ്രാൻസിൽ നിന്നും ആദ്യത്തെ റഫാല്‍ ജെറ്റ് വാങ്ങിയതിനു ശേഷം യുദ്ധവിമാനത്തിൽ ശസ്ത്ര പൂജ നടത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

“റഫാല്‍ യുദ്ധവിമാനങ്ങൾ നമ്മുടെ കൈവശമുണ്ടായിരുന്നുവെങ്കിൽ നമുക്ക് ബാൽകോട്ടിൽ പ്രവേശിച്ച് ആക്രമണം നടത്തേണ്ടി വരില്ലായിരുന്നു. ഇന്ത്യയിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ബാൽകോട്ടിൽ ആക്രമണം നടത്താൻ കഴിയുമായിരുന്നു,” അദ്ദേഹം പറഞ്ഞു. യുദ്ധവിമാനങ്ങൾ സ്വയം പ്രതിരോധത്തിനു വേണ്ടിയാണെന്നും  ആക്രമണത്തിന് വേണ്ടിയല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

“ശസ്ത്ര പൂജ” യുമായി ബന്ധപ്പെട്ട വിവാദത്തിൽ, “ഞാൻ വിമാനത്തിൽ ഓം” എഴുതി, ഒരു തേങ്ങ ഉടച്ചു. ഒരിക്കലും അവസാനിക്കാത്ത പ്രപഞ്ചത്തെ ഓം സൂചിപ്പിക്കുന്നു ” എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. “എന്റെ വിശ്വാസമനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചത്. ക്രിസ്ത്യൻ, മുസ്ലിം, സിഖ് തുടങ്ങിയ സമുദായങ്ങൾ പോലും ആമേൻ, ഓം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് ആരാധിക്കുന്നത്. ഞാൻ ശസ്ത്ര പൂജ നടത്തുമ്പോൾ ക്രിസ്ത്യാനികളും, മുസ്ളിങ്ങളും, സിഖുകാർരും, ബുദ്ധമതക്കാരും ചടങ്ങിൽ പങ്കെടുത്തു, അദ്ദേഹം പറഞ്ഞു.