തെറ്റിദ്ധാരണയുണ്ടായി; ആരും പ്രതിയെ സംരക്ഷിക്കില്ല; ബിജെപി ഗൗതമിയുടെ പക്ഷത്ത്; രാജിവെച്ചതിന് പിന്നാലെ ഒത്തുതീര്‍പ്പിന് ശ്രമിച്ച് കെ അണ്ണാമലൈ

25 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ഒത്തുതീര്‍പ്പിന് ശ്രമിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ
ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും പാര്‍ട്ടി യഥാര്‍ഥത്തില്‍ അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ വ്യക്തമാക്കി. പാര്‍ട്ടിയില്‍നിന്നു തനിക്ക് പിന്തുണയില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി.അഴകപ്പനെ ചില ബിജെപി നേതാക്കള്‍ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചാണ് ഗൗതമി 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധം ഇന്നലെ അവസാനിപ്പിച്ച് രാജിവെച്ചത്.

താന്‍ ഗൗതമിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വളരെ വേഗത്തില്‍ നടപടിയുണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങള്‍ അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ബിജെപി പ്രവര്‍ത്തകര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നുന്നു. ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല.

ഇതിലൊരു തെറ്റിദ്ധാരണയുണ്ടായി. പൊലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. ബിജെപിയിലെ ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. പ്രതിക്ക് ബിജെപിയുമായി ബന്ധവുമില്ല. പ്രതി 25 വര്‍ഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാള്‍ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതില്‍ പാര്‍ട്ടി ഗൗതമിയുടെ പക്ഷത്താണെന്ന് അണ്ണാമലൈ പറഞ്ഞു.

സാമ്പത്തിക ആവശ്യങ്ങളെ തുടര്‍ന്ന് ഗൗതമി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. വില്‍പ്പനയ്ക്ക് സഹായിക്കാമെന്ന് അളകപ്പനും ഭാര്യയും വാഗ്ദാനം നല്‍കി. ഇരുവരെയും വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയ താരത്തിന്റെ 25 കോടിയോളം രൂപയുടെ സ്വത്ത് അളകപ്പനും ഭാര്യയും തട്ടിയെടുത്തതായാണ് പരാതി.

അളകപ്പന്‍ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഗൗതമി ആരോപിക്കുന്നു. 20 വര്‍ഷം മുന്‍പ് ചെറിയ മകളുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു താന്‍. അന്ന് രക്ഷകര്‍ത്താവിനെ പോലെ അളകപ്പന്‍ തന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. താന്‍ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകള്‍ കൈമാറിയെന്നും ഗൗതമി പറയുന്നു.

Read more

തട്ടിപ്പ് മനസിലായത് കുറച്ച് നാളുകള്‍ക്ക് മുന്‍പാണെന്നും ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയാവാന്‍ കാലതാമസം ഉണ്ടായേക്കുമെന്നും നടി പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തിലൊന്നും തന്നെ പാര്‍ട്ടി പിന്തുണച്ചില്ലെന്നാണ് ഗൗതമിയുടെ പരാതി. കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം അളകപ്പനെ പിന്തുണച്ചാണ് സംസാരിച്ചിരുന്നത്. അതേ സമയം മുഖ്യമന്ത്രിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും താരം കൂട്ടിച്ചേര്‍ത്തു.