'അവര്‍ നിങ്ങളേയും പിന്നില്‍ നിന്നു കുത്തും'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ഡി.കെ ശിവകുമാര്‍

വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.എല്‍.എ, ഡി.കെ ശിവകുമാര്‍. അവര്‍ നിങ്ങളേയും പിന്നില്‍ നിന്ന് കുത്തുമെന്നാണ് ഡി.കെ ശിവകുമാറിന്റെ മുന്നറിയിപ്പ്.ബി.ജെ.പി വിമത എം.എല്‍.എമാരുടെ ഭാവി ഇല്ലാതാക്കുകയാണെന്നും ഡി.കെ ശിവകുമാര്‍ കുറ്റപ്പെടുത്തി.

വിമതരുടെ രാജിക്കത്ത് കീറിയ കാര്യവും ഡി.കെ ശിവകുമാര്‍ സമ്മതിച്ചു. “മുംബൈയിലെ വിമത എം.എല്‍.എമാരുടെ മുറിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും എന്നെ വിലക്കി. എന്തുകൊണ്ട്? കാരണം അവര്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഞാനെന്താ കൊള്ളക്കാരനാണോ? എന്താണ് ഞാനവരോട് ചെയ്തത്? അവര്‍ രാജി സമര്‍പ്പിച്ച സമയത്തു തന്നെ എനിക്ക് അവരെ പൂട്ടിയിടാമായിരുന്നില്ലേ?” എന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ആറുമണിക്ക് മുമ്പ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടെടുപ്പിനു മുമ്പ് വിമതരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നതില്‍ നിന്നും സുപ്രീം കോടതി തന്നെ തടഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വിധാന്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിപ്പ് നല്‍കാനുള്ള അധികാരം തനിക്കുണ്ട്. അതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല. 1985- ലാണ് കൂറുമാറ്റ നിരോധന നിയമം വന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അയോഗ്യരാക്കാമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിയ്ക്കെതിരെ വോട്ടു രേഖപ്പെടുത്തിയാല്‍ അവരെ അയോഗ്യരാക്കാം. വിപ്പ് നല്‍കരുതെന്ന് സുപ്രീം കോടതി എന്നോട് പറഞ്ഞിട്ടില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം തനിക്ക് അതിനുള്ള അധികാരമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Read more

എന്നാല്‍ ബി.ജെ.പി, എം.എല്‍.എ മധുസ്വാമി ഇതിനെ എതിര്‍ത്തു. കോടതി നിര്‍ദേശപ്രകാരം എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാന്‍ സിദ്ധരാമയ്യയ്ക്ക് അധികാരമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.