2024 ല്‍ നടന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേട് നടന്നതായി ആക്ഷേപം ഉയരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉയര്‍ന്ന വോട്ടുകൊള്ള ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ആന്ധ്രപ്രദേശില്‍ എന്‍ഡിഎ സഖ്യം ജയിച്ച തിരഞ്ഞെടുപ്പിനെ കുറിച്ച് വിദഗ്ധര്‍ പുറത്തുവിടുന്ന കണക്ക്. വോട്ടെടുപ്പ് രാത്രി 12 മണിക്ക് ശേഷം ഏകദേശം 17 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
തികച്ചും അസാധാരണമായ വോട്ടിങ് രീതികളെക്കുറിച്ചുള്ള ആരോപണം വിദഗ്ധര്‍ ഉയര്‍ത്തിയത് ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ്. 3,500 ബൂത്തുകളില്‍ രാവിലെ 2 മണി വരെ വോട്ടെടുപ്പ് തുടര്‍ന്നതായും സാമ്പത്തികവിദഗ്ധനായ പാറകാല പ്രഭാകര്‍ പറയുന്നു. മൊത്തം വോട്ടുകളില്‍ ഏകദേശം 4.16% വോട്ടുകള്‍ രാത്രി 11.45 നും പുലര്‍ച്ചെ 2 നും ഇടയില്‍ രേഖപ്പെടുത്തിയെന്നത് തന്നെ വലിയ ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി. പുലര്‍ച്ചെ 12 മണിക്ക് ശേഷം മാത്രം 17 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി. പുലര്‍ച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്ന് പ്രഭാകര്‍ വിശദമാക്കി.
‘ഇവിഎമ്മുകള്‍ റീസെറ്റ് ചെയ്യാന്‍ 14 സെക്കന്‍ഡ് എടുക്കുമെങ്കില്‍, എങ്ങനെയാണ് 6 സെക്കന്‍ഡിനുള്ളില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്? ഒരു വോട്ടര്‍ക്ക് അത്രയും സമയത്തിനുള്ളില്‍ പ്രവേശിക്കാനും വോട്ട് ചെയ്യാനും പുറത്തുകടക്കാനും കഴിയുമോ?’ പ്രഭാകര്‍ ചോദിച്ചു.
ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് രാത്രി 8 മണിക്ക് ശേഷം അസാധാരണമായ എന്തോ സംഭവിച്ചുവെന്ന് ഡേറ്റ ചൂണ്ടിക്കാട്ടി പാറാകല പ്രഭാകര്‍ പറയുന്നു. വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് രാഹുല്‍ ഗാന്ധി ആരോപിച്ച വോട്ടുകൊള്ളയേക്കാള്‍ വലിയ ക്രമക്കേട് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ നടക്കുന്നുവനെന്നാണ്. ആന്ധ്ര തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നയിക്കുന്ന എന്‍ഡിഎ 175 സീറ്റുകളില്‍ 164 എണ്ണം നേടി മികച്ച വിജയമാണ് നേടിയത്.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ ജഗന്‍ മോഹന്‍ റെഡ്ഡിയെ തോല്‍പ്പിച്ച് നാലാം തവണ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തിരിച്ചെത്തിയ തിരഞ്ഞെടുപ്പില്‍ ടിഡിപി 135 സീറ്റുകളും ബിജെപി 8 സീറ്റുകളും നേടി. പവന്‍ കല്യാണിന്റെ ജനസേന 21 സീറ്റും നേടി. ആന്ധ്ര തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍ ടേണ്‍ഔട്ട് ഡേറ്റയെക്കുറിച്ച് വലിയ ആശങ്ക അറിയിച്ചിരുന്നു.
2024 മേയ് 13 ന് വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ആന്ധ്ര മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത് 68.04% വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ്. എന്നാല്‍ വൈകുന്നേരം 8 മണിക്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഇസിഐ വോട്ടര്‍ ടേണ്‍ഔട്ട് 68.12% എന്ന് പറഞ്ഞു. രാത്രി 11.45 ന്, ഇസിഐ ടേണ്‍ഔട്ട് 76.50% ആയി പരിഷ്‌കരിച്ചു പുറത്തിറക്കി. നാല് ദിവസത്തിന് ശേഷം പുറത്തിറക്കിയ അവസാന വോട്ടര്‍ ടേണ്‍ഔട്ട് 81.79% ആയി രേഖപ്പെടുത്തിയത് തന്നെ ആന്ധ്രയിലെ തിരഞ്ഞെടുപ്പ് ഡേറ്റയുടെ സുതാര്യത ഇല്ലായ്മ വിളിച്ചോതുന്നുണ്ടായിരുന്നു.
ഓരോ ബൂത്തിലെയും വോട്ടുകളുടെ എണ്ണം ഉള്‍ക്കൊള്ളുന്ന ഫോം 17 സി എന്തുകൊണ്ട് പരസ്യപ്പെടുത്തിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് ചോദിച്ചു. വോട്ടര്‍ ലിസ്റ്റുകള്‍ മെഷീന്‍ റീഡബിള്‍ ഫോര്‍മാറ്റുകളില്‍ പുറത്തിറക്കിയിട്ടില്ലെന്നും ഇത് സ്വതന്ത്ര പരിശോധന ബുദ്ധിമുട്ടാക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷം ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് മോഷണ ആരോപണത്തിനിടയിലും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.
Read more
വോട്ടിങ് സമയം കഴിഞ്ഞിട്ടും ക്യൂവില്‍ ഉണ്ടായിരുന്ന വോട്ടര്‍മാരുടെ പൊതുരേഖയുടെ അഭാവവും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചു. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ എസ്.വൈ. ഖുറേഷി, തിരഞ്ഞെടുപ്പ് രേഖകള്‍, ഫോം 17 സി, ഫോം 20 എന്നിവയുടെ ഓഡിറ്റ് ആവശ്യപ്പെട്ടു. ഫോം 20 എന്നത് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയ ശേഷം റിട്ടേണിങ് ഓഫീസര്‍ തയ്യാറാക്കുന്ന അന്തിമഫല ഷീറ്റാണ്. പോളിങ് ശതമാനത്തിന്റെ അതേ ദിവസത്തെ വെളിപ്പെടുത്തലും ബൂത്ത് തലത്തിലുള്ള വോട്ടിങ് സംഗ്രഹവും ഉടനടി പുറത്തുവിടണമെന്ന് ഖുറേഷി നിര്‍ദേശിച്ചു.







