പ്രശസ്ത വയലിനിസ്റ്റ് പ്രൊഫ. ടി.എന്‍ കൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത വയലിനിസ്റ്റ് പ്രൊഫസർ ടി എൻ കൃഷ്ണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ച അദ്ദേഹം പത്മഭൂഷൻ ബഹുമതിക്കും അർഹനായിട്ടുണ്ട്.

ഫിഡിൽ ഭാഗവതർ എന്നറിയപ്പെട്ടിരുന്ന ഭാഗവതർ മഠത്തിൽ എ നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബർ ആറിന് തൃപ്പൂണിത്തുറയിലാണ് ടി എൻ കൃഷ്ണനെന്ന തൃപ്പുണിത്തുറ നാരായണയ്യർ കൃഷ്ണൻ ജനിച്ചത്. പിതാവിന്റെ കീഴിൽ മൂന്നാം വയസു മുതൽ വയലിൻ പഠിച്ചു തുടങ്ങിയ കൃഷ്ണൻ. പ്രഗത്ഭരായ സംഗീതജ്ഞർക്കു വേണ്ടിയെല്ലാം ടി എൻ കൃഷ്ണൻ പക്കം വായിച്ചു.

മദ്രാസ് സംഗീത കോളജിൽ വയലിൻ അധ്യാപകനായിരുന്നു. 1978-ൽ പ്രിൻസിപ്പലായി .1985-ൽ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ പ്രൊഫസറും ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. 1991 -1993 കാലഘട്ടത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാദ്ധ്യക്ഷനായിരുന്നു.

പാലക്കാട് നെന്മാറ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും അറിയപ്പെടുന്ന വയലിൻ വാദകരാണ്.