കർഷക പ്രതിഷേധത്തിനിടെ അക്രമം; 2 പേർ കൊല്ലപ്പെട്ടു, മന്ത്രിയുടെ വാഹനം ഇടിച്ചെന്ന് കർഷകർ

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തര സഹ സഹമന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്ന് രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിച്ച യുപിയിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനമിടിച്ച് പ്രതിഷേധക്കാരിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി കർഷക സംഘടനകൾ ആരോപിച്ചു.

പരിക്കേറ്റ ഒരാൾ നിലത്ത് കിടക്കുന്നതിന്റെയും വാഹനങ്ങൾക്ക് തീയിട്ടതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത പോലീസ് കാവലുണ്ട്. എട്ട് കർഷകർക്ക് പരിക്കേറ്റതായി കർഷക സംഘടനകൾ അവകാശപ്പെട്ടു. സർക്കാരിൽ നിന്നും ഇതുവരെ മരണങ്ങളോ പരിക്കുകളോ സ്ഥിരീകരിച്ചിട്ടില്ല.

“ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധിച്ചുകൊണ്ട് വഴിയരികിൽ നിന്ന കർഷകർക്ക് നേരെ മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ ഇടിച്ച് 2 കർഷകർ മരിക്കുകയും 8 കർഷകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. “കർഷകരുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച ട്വീറ്റ് ചെയ്തു.

സർക്കാർ പരിപാടികൾക്കായി ലഖിംപൂർ ഖേരി സന്ദർശിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി കേശവ് മൗര്യ. പ്രദേശത്ത് നിന്നുള്ള അജയ് മിശ്ര, തന്റെ ഗ്രാമത്തിൽ ഒരു പരിപാടിക്കായി വന്നതായിരുന്നു, ഇതിൽ ഉപമുഖ്യമന്ത്രിയും പങ്കെടുക്കേണ്ടതായിരുന്നു.