വിജയ്‌യെ വിമർശിച്ചു, 'പുതിയ തലമുറൈ' വാർത്താ ചാനലിനെതിരെ നടപടിയുമായി വിജയ് സർക്കാർ, കേബിൾ നെറ്റ് വർക്കിൽ നിന്നും ഒഴിവാക്കി

പുതിയ തലമുറൈ ചാനലിനെതിരെ തമിഴ്നാട് സർക്കാർ നടപടി. സർക്കാരിൻ്റെ ഔദ്യോഗിക കേബിൾ നെറ്റ്‌വർക്കായ തമിഴ്‌നാട് അരശ് കേബിൾ ടിവിയിൽ നിന്ന് ചാനലിനെ നീക്കം ചെയ്തു. വിജയ്‌ക്കെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് ചാനലിനെ കേബിൾ നെറ്റ് വർക്കിൽ നിന്ന് പുതിയ തലമുറൈ ചാനലിനെ വിജയ് സർക്കാർ ഒഴിവാക്കിയത്. ചാനലിനെതിരെയുള്ള നടപടി അഭിപ്രായ സ്വാതന്ത്യ്രത്തിനു മേലുള്ള കടന്നാക്രമണമാണെന്നും ചാനൽ പുനഃസ്‌ഥാപിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും ചെന്നൈ പ്രസ് ക്ലബ് പ്രസ്‌താവനയിൽ പറഞ്ഞു.

മുൻകൂട്ടി നോട്ടിസ് നൽകാതെയാണ് സർക്കാർ നടപടി. തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചും ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള മുഖ്യമന്ത്രി വിജയിൻ്റെ യാത്രകൾ കാരണം പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചാനൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൻ്റെ അപ്രതീക്ഷിത നീക്കം.

Read more

ഡൽഹി സന്ദർശനത്തിനു ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനൽ വിമർശിച്ചിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്. എന്നാൽ, മാധ്യമങ്ങളെ കാണാതെയാണ് വിജയ് മടങ്ങിയത്. മാധ്യമ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ആരോപിച്ച് ചാനൽ അധികൃതരും വിവിധ മാധ്യമ സംഘടനകളും രംഗത്തെത്തിയിരുന്നു.