ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

‘അമ്മ’യിലെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷമായ സമിതി രൂപവത്കരിക്കണമെന്ന് നടി മാലാ പാർവതി. സംഘടനയിൽ നടക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളാണെന്നും അടുത്ത ദിവസങ്ങളിൽ വലിയ ആരോപണങ്ങളുള്ള കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നും അവർ പറഞ്ഞു.

‘ജിഹാദി എന്ന് വിളിച്ചതിനും വർഗീയവത്കരണം നടത്തിയതിനും കൃത്യമായ തെളിവുണ്ട്. അതുകൊണ്ടാണ് ഞാൻ അൻസിബയോടൊപ്പം നിൽക്കുന്നു എന്ന് ഉറപ്പുപറഞ്ഞത്. രാജീവ് കുടപ്പനക്കുന്നും മകനും ഭീഷണിക്കോ പ്രേരണയ്‌ക്കോ വഴങ്ങി അൻസിബ പറഞ്ഞിട്ടാണ് നോമ്പെടുത്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ അവസ്ഥ വളരേ മോശമായിപ്പോയേനെ’ മാല പാർവതി പറഞ്ഞു.

‘എല്ലാവരേയും പിരിച്ചുവിടണമെന്നത് ഞാൻ ആദ്യത്തെ ദിവസം തന്നെ പറഞ്ഞ കാര്യമാണ്. അൻസിബയുടെ പരാതി കേൾക്കാൻ ഒരു സമിതിയുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആ സമിതിയിൽ എന്റെ പേരുൾപ്പെടെ അൻസിബ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അൻസിബയുടെ അറിവില്ലായ്മകൊണ്ട് പറഞ്ഞതാണ്. ഞാൻ അൻസിബയെ ശക്തമായി പിന്തുണച്ച് ഒപ്പം നിൽക്കുന്ന ആളാണ്. അങ്ങനെ ശക്തമായ നിലപാട് എടുത്തവരൊന്നും നിഷ്പക്ഷമായ സമിതിയിൽ വരരുത്.

Read more

രമേഷ് പിഷാരടിയും ധ്യാൻ ശ്രീനിവാസനും ന്യായമേ പറയുകയുള്ളൂ എന്ന വിശ്വാസത്തിലാവാം അവരുടെ പേര് പറഞ്ഞത്. സത്യം പറഞ്ഞാൽ, സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ആ സമിതിയിൽ ഉൾപ്പെടുത്തരുത്. സിനിമാ മേഖല തന്നെ രണ്ടോ മൂന്നോ ഭാഗമായി തിരിഞ്ഞ് പലരോടൊപ്പം നിൽക്കുകയാണ്. നിഷ്പക്ഷമായ സമിതിയാണ് അൻസിബയുടെ പരാതി കേൾക്കേണ്ടത്’ മാല പാർവതി കൂട്ടിച്ചേർത്തു.