പുതിയ പതിപ്പുകളില്‍ വന്ദേ ഭാരത് എത്തുന്നു; ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ ട്രെയിനുകള്‍; പാസഞ്ചറുകള്‍ക്ക് പകരം വന്ദേ മെട്രോ

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളും വന്ദേ ഭാരത് മെട്രോകളും പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ദീര്‍ഘദൂര യാത്രകള്‍ ലക്ഷ്യമിട്ടാണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ പുറത്തിറക്കുന്നത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ ബിജി മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നും ആദ്യ ട്രെയിന്‍ 2024 മാര്‍ച്ചില്‍ എത്തുമെന്നും മല്യ അറിയിച്ചു.

ഒറ്റ രാത്രികൊണ്ട് അതിവേഗ ട്രെയിനുകളില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്നത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നും മല്യ കൂട്ടിച്ചേര്‍ത്തു. വന്ദേ മെട്രോയില്‍ 12 കോച്ചുകളുണ്ടായിരിക്കും. നിലവിലുള്ള പാസഞ്ചറുകള്‍ക്ക് ബദലായിട്ടാണ് വന്ദേ മെട്രോകള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വന്ദേ മെട്രോ ഒക്ടോബര്‍ 31ന് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാകും. 2024 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് ബിജി മല്യ വ്യക്തമാക്കി. നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ രാത്രി യാത്ര നടത്തുന്നില്ല. ഇതിന് പരിഹാരമായാണ് രാത്രികാല ദീര്‍ഘദൂര യാത്രകള്‍ക്കായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ തയ്യാറാക്കുന്നത്.

ചെന്നൈ ഐസിഎഫില്‍ അവസാനഘട്ടത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മ്മാണം. വന്ദേഭാരത് സ്ലീപ്പറില്‍ 16 കോച്ചുകളുണ്ടാകും. 16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എസി ത്രീ ടയര്‍ കോച്ചുകള്‍, 4 എസി 2 ടയര്‍ കോച്ച്, ഫസ്റ്റ് എസി എന്നിങ്ങനെയായിരിക്കും കോച്ചുകള്‍.