ഉത്തർപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി; മന്ത്രി ഉൾപ്പെടെ നാല് എം.എൽ.എമാർ രാജിവെച്ച് എസ്.പിയിൽ

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശിൽ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ഒരു മന്ത്രിയും മൂന്ന് എം.എല്‍.എമാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ, എം.എല്‍.എമാരായ റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ചത്.

മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. ദളിതരെയും പിന്നോക്ക വിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന യോഗി സര്‍ക്കാരിന്റെ നയമാണ് തന്റെ രാജിക്ക് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. രാജിക്കത്ത് ട്വീറ്റും ചെയ്തു. എന്നാല്‍ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിടുന്നതിന് മുമ്പുതന്നെ അദ്ദേഹം സമാജ്‌ വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനെ സന്ദര്‍ശിച്ചിരുന്നു. സ്വാമി പ്രസാദ് മൗര്യയെ സ്വാഗതം ചെയ്ത് അഖിലേഷ് യാദവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് മൂന്ന് എം.എല്‍.എമാര്‍ കൂടി രാജി പ്രഖ്യാപിച്ചത്. ഏതാനും ചില മന്ത്രിമാരും എം.എല്‍.എമാരും തന്നോടൊപ്പം രാജിവെയ്ക്കുമെന്ന് സ്വാമി പ്രസാദ് മൗര്യയും സൂചന നല്‍കിയിരുന്നു. താന്‍ ബി.ജെ.പി. വിട്ടതിന്റെ അനന്തരഫലം നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും മൗര്യ പ്രതികരിച്ചു.

‘ഞാൻ രാജി വെയ്ക്കുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രമായിട്ടും യോഗി മന്ത്രിസഭയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു. ദളിതരോടും പിന്നോക്ക വിഭാഗത്തോടും കർഷകരോടും തൊഴിൽരഹിതരോടും ചെറുകിട വ്യവസായികളോടുമുള്ള യോഗി സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചു രാജി വെയ്ക്കുകയാണ്’- മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച രാജിക്കത്തിൽ സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി

അതിനിടെ, മൗര്യയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതെന്ന് അറിയില്ലെന്നും രാജിവെയ്ക്കരുതെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു. നമുക്ക് സംസാരിക്കാമെന്നും തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങള്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. നേരത്തെ ബി.എസ്.പി.യില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2016-ലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. നിരവധി തവണ എം.എല്‍.എയായിട്ടുണ്ട്. മൗര്യയുടെ മകള്‍ സംഘമിത്ര ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.പി.യുമാണ്