കുട്ടികളുടെ അശ്ലീല ചിത്രം കണ്ട ഇന്ത്യന്‍ പൈലറ്റിന് കിട്ടിയത് എട്ടിന്റെ പണി; പണിയും പോയി യു.എസ് നാടും കടത്തി

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്ത്യന്‍ പൈലറ്റിനെ അമേരിക്ക നാടുകടത്തി. മുംബൈ സ്വദേശിയായ പൈലറ്റിനെയാണ് നാടു കടത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള വിമാനം തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയ ഉടന്‍ പൈലറ്റിനെ യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ച് പുറത്തു കൊണ്ടു പോകുകയായിരുന്നു.

50കള്‍ മുതലുള്ള പൈലറ്റ് വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നു. യുഎസിലേക്ക് വിമാനങ്ങള്‍ സ്ഥിരമായി പറത്തുന്നയാളാണ്. സംഭവത്തെ തുടര്‍ന്ന് പൈലറ്റിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. വിസ റദ്ദാക്കുകയും ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറ്റി വിടുകയും ചെയ്തു. ഇതോടെ ഇനി ഇയാള്‍ക്ക് യു.എസ് സന്ദര്‍ശിക്കാനാകില്ല.

യുഎസില്‍ പൈലറ്റ് കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെയാണു കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതായി എഫ്ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ രണ്ടു മാസമായി എഫ്ബിഐ ഇയാളുടെ കേസ് അന്വേഷിക്കുകയായിരുന്നു. തെളിവുകള്‍ ശേഖരിച്ചതിനു പിന്നാലെ പൈലറ്റിനെ അറസ്റ്റ് ചെയ്തു. തെളിവുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് എഫ്ബിഐ അയച്ചിട്ടുമുണ്ട്.