യു.പി നിയമ വിദ്യാർത്ഥിനിയെ ആറ് ദിവസത്തിന് ശേഷം കണ്ടെത്തി; ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെതിരെ തട്ടിക്കൊണ്ടു പോകൽ ആരോപണം

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ പട്ടണത്തിൽ നിന്ന് ആറു ദിവസമായി കാണാതായ 23- കാരിയായ നിയമ വിദ്യാർത്ഥിനിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയതായി പൊലീസ്. പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ആണ് ഇത്. ചിന്മയാനന്ദ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായും തട്ടിക്കൊണ്ടു പോയതായും യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഷാജഹാൻപൂർ പോലീസ് ചിന്മയാനന്ദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ ലൈംഗിക പീഡന ആരോപണം നേരിട്ട ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ വിദ്യാർത്ഥിനിയെ കാണാതായ കേസിൽ സ്വമേധയാ നടപടിയെടുക്കാനുള്ള അപേക്ഷ സുപ്രീം കോടതി പരിഗണിച്ചിരുന്നു. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ ഒരു കൂട്ടം വനിതാ അഭിഭാഷകർ ആണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയത്. കേസ് സുപ്രീം കോടതി സ്വമേധയാ അവലോകനം ചെയ്യണമെന്നായിരുന്നു ഇവരുടെ അപേക്ഷ.

72- കാരനായ ചിന്മയാനന്ദിന് ഷാജഹാൻ‌പൂരിൽ‌ വിശാലമായ ആശ്രമമുണ്ട്, കൂടാതെ അഞ്ച് കോളജുകളും നടത്തുന്നുണ്ട്. ഹരിദ്വാറിലും ഋഷികേശിലും അദ്ദേഹം ആശ്രമങ്ങൾ നടത്തുന്നുണ്ട്. ഔദ്യോഗിക കണക്കുകളൊന്നും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ “സാമ്രാജ്യത്തിന്” കോടിക്കണക്കിന് രൂപയുടെ ആസ്തി കണക്കാക്കുന്നുണ്ട്. 1999- ലാണ് ഒരു തിരഞ്ഞെടുപ്പിൽ അവസാനമായി വിജയിച്ചതെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.